swapna revelation
സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്
കൊച്ചി | പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് സ്വപ്‌ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. കാരണം മുന്‍കൂര്‍ ജാമ്യം ലഭിക്കാവുന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇതിനാല്‍ ഇത്തരം ഒരു അപേക്ഷക്ക് പ്രസക്തിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. ഈ കേസില്‍ സ്വപ്നയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പൊതുശ്രദ്ധ കിട്ടാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
തന്നെ വേട്ടയാടാന്‍ നീക്കമുണ്ടെന്നും അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സ്വപ്‌ന മുന്‍കൂര്‍ ജാമ്യം തേടിയത്. ഇതിനായി സ്വപ്‌നയുടെ അഭിഭാഷകന്‍ പറഞ്ഞ കാര്യങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.
ഗുരുതര ആരോപണങ്ങളായിരുന്നു സ്വപ്ന സുരേഷ് തന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ തന്നെ സമീപിച്ചെന്നാണ് ഹരജിയില്‍ സ്വപ്ന അവകാശപ്പെട്ടത്. മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. 10 വയസ്സുള്ള മകന്‍ ഒറ്റക്കാകുമെന്നും ഭീഷണിയുണ്ടായിരുന്നു. ഷാജി കിരണ്‍ എന്നയാളാണ് തന്നെ സമീപിച്ചതെന്നും സ്വപ്‌ന പറഞ്ഞിരുന്നു. എന്നാല്‍ സ്വപ്‌നയുടെ അഭിഭാഷകന്റെ ഇത് സംബന്ധിച്ചുള്ള വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.