Kerala
നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി.

കൊച്ചി | നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി. കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം
കേസ് അവസാനിപ്പിക്കാനാകില്ലെന്ന വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും മോഹന്‍ലാലും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഹരജി പരിഗണനക്കെടുത്ത കോടതി മോഹന്‍ലാലിന്റെ ഹരജി തളളി. പ്രതികള്‍ക്ക് പുനപരിശോധനാ ഹരജി നല്‍കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാലിന്റെ ഹര്‍ജി തള്ളിയത്. സര്‍ക്കാരിന്റെ ആവശ്യത്തില്‍ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും വിചാരണക്കോടതിക്ക് നിര്‍ദേശമുണ്ട്.
2011 ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ കണ്ടെടുത്ത രണ്ടു ജോഡി ആനക്കൊമ്പുകളാണ് കേസിന് ആധാരം. ചെരിഞ്ഞ നാട്ടാനകളുടെ കൊന്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാന്‍ കാരണമായി സര്‍ക്കാരും മോഹന്‍ലാലും കോടതിയില്‍ വാദിച്ചത്.