Kerala
മീഡിയ വൺ ചാനലിന് ഏർപെടുത്തിയ വിലക്ക് ഹെെക്കോടതി രണ്ട് ദിവസത്തേക്ക് സ്റ്റേ ചെയ്തു
ചാനൽ സംപ്രേക്ഷണം ഉടൻ പുനരാരംഭിക്കും
കൊച്ചി | മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. നടപടി രണ്ട് ദിവസത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി വിശദീകരണവും തേടി. ഈ സാഹചര്യത്തില്‍ ചാനല്‍ ഉടന്‍ സംപ്രേക്ഷണം പുനരാരംഭിക്കുമെന്ന് മീഡിയ വണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ചാനലിന് അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മീഡിയവണ്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിയത്. ചാനലിന്റെ ലൈസന്‍സ് പുതുക്കുവാന്‍ മീഡിയവണ്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ വണ്ണിന് കേന്ദ്രം നോട്ടീസ് നല്‍കി. അതിന് മീഡിയവണ്‍ മറുപടിയും നല്‍കി. ഇതിന് ശേഷം യാതൊരു മറുപടിയും നല്‍കാതെ ലൈസന്‍സ് റദ്ദ് ചെയ്യുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്രം തടയുന്നത്. 2021ലെ ഡല്‍ഹി വംശഹത്യയുടെ സമയത്തും മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ചട്ടലംഘനം ആരോപിച്ചായിരുന്നു വിലക്ക്. 48 മണിക്കൂര്‍ നേരത്തേക്കായിരന്നു അന്ന് ചാനല്‍ സംപ്രേക്ഷണം വിലക്കിയത്. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വിലക്ക് പിന്‍വലിക്കുകയായിരുന്നു.