Kerala
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വി സിമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹരജിയും കോടതിക്ക് മുന്നിലുണ്ട്.
കൊച്ചി | സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കും. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹരജിയും കോടതിക്ക് മുന്നിലുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച പത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വി സി സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.മറുപടി നല്‍കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചു.
നോട്ടീസ് കൈപ്പറ്റിയ എല്ലാ വൈസ്ചാന്‍സലര്‍മാരും ഗവര്‍ണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിക്കും. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാഹചര്യവും വിശദീകരിക്കും. വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം.