Connect with us

al badr

കേരളവും അറബ് സമൂഹവും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ പ്രകാശിപ്പിക്കണം: ഫുജൈറ കിരീടാവകാശി

അൽ ബദർ പദ്ധതിയിലൂടെ മുഹമ്മദ് നബി(സ)യുടെ മഹത്തായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള കിരീടാവകാശിയുടെ ശ്രമങ്ങളെ ഖലീൽ അൽ ബുഖാരി പ്രശംസിച്ചു.

Published

|

Last Updated

ഫുജൈറ | കേരളവും അറബ് സമൂഹവും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ പ്രകാശിപ്പിക്കുന്നതിനും പുതിയ തലമുറകളിലേക്ക് കൈമാറുന്നതിനും ശ്രമങ്ങളുണ്ടാവണമെന്ന് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി. മഅദിൻ അക്കാദമി ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുമായി കൂടിക്കാഴ്ച നടത്തവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു എ ഇയുടെ നിർമാണത്തിൽ ഇന്ത്യൻ സമൂഹം നിർവഹിക്കുന്ന സുപ്രധാന ഇടപെടലിനെയും അദ്ദേഹം പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്നും ശക്തമായി തുടരുന്നു. ആ ബന്ധം പുതിയ തലത്തിലെത്തിക്കുന്നതിനുള്ള നിരവധി നടപടികളാണ് സമീപകാലങ്ങളിൽ നടന്നുവരുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി അടക്കമുള്ള കാര്യങ്ങൾ ഏറെ താല്പര്യത്തോടെയാണ് അദ്ദേഹം ചോദിച്ചറിഞ്ഞത്.

വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തുന്നത് അടക്കമുള്ള നിരവധി കാര്യങ്ങളിൽ അദ്ദേഹം ആശയങ്ങൾ പങ്കുവെച്ചു. അൽ ബദർ പദ്ധതിയിലൂടെ മുഹമ്മദ് നബി(സ)യുടെ മഹത്തായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള കിരീടാവകാശിയുടെ ശ്രമങ്ങളെ ഖലീൽ അൽ ബുഖാരി പ്രശംസിച്ചു. മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പ്രാധാന്യമർഹിക്കുന്ന കാലത്ത് ഈ പരിപാടി ഏറെ പ്രസക്തമാണ്. ആഗോള സമൂഹത്തിന് അൽ ബദർ അത്ഭുത മാതൃകയാണ്. വ്യത്യസ്ത വിശ്വാസങ്ങൾക്കിടയിൽ ഐക്യം പ്രചരിപ്പിക്കുന്നതിന് ധാർമിക മൂല്യങ്ങളും പരിപാടികളും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിദ്യാഭ്യാസരംഗത്തും മനുഷ്യസഹായ പരിപാടികളിലും മഅ്ദിൻ അക്കാദമിയുടെ സംരംഭങ്ങളെ കിരീടാവകാശി അഭിനന്ദിച്ചു. യുണൈറ്റഡ് നേഷൻസ് ഇന്റർഫെയ്ത്ത് ഹാർമണി ഇനിഷ്യേറ്റീവുമായി സഹകരിച്ച് വിവിധ സമൂഹങ്ങൾക്കിടയിൽ ഐക്യം പ്രചരിപ്പിക്കുന്നതിൽ മഅ്ദിൻ അക്കാദമിയുടെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ഖലീൽ തങ്ങൾ വിശദീകരിച്ചു.
ഒന്നര പതിറ്റാണ്ടിലേറെയായി യു എ ഇയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സിറാജ് പത്രം നിർവഹിക്കുന്ന സാംസ്‌കാരികദൗത്യത്തെക്കുറിച്ചു കൂടിക്കാഴ്ചയിൽ സിറാജ് ഗൾഫ് ജനറൽ മാനേജർ ശരീഫ് കാരശ്ശേരി വിശദീകരിച്ചു. അച്ചടിച്ച പത്രങ്ങൾ ഡിജിറ്റൽ കാലഘട്ടത്തിലും പ്രസക്തമാണ്. പത്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരത്തിലെത്തട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു.