editorial
പശുമാഹാത്മ്യത്തിന്റെ പൊള്ളത്തരം
ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ഗോമാതാവെന്ന നിലയിലല്ല, കേവലം രാഷ്ട്രീയ ആയുധമെന്ന നിലയില്‍ മാത്രമാണ് ബി ജെ പിയും സംഘ്പരിവാറും പശുവിന് വിലകല്‍പ്പിക്കുന്നതെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ബി ജെ പി ഭരണമുള്ള സംസ്ഥാനങ്ങളില്‍ പശുക്കള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ദൈന്യതയും.
ഗോസംരക്ഷണത്തിന് സഹസ്ര കോടികള്‍ ചെലവഴിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. എന്നാല്‍ സംരക്ഷണം ലഭിക്കാതെ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ് സംസ്ഥാനത്ത്. രാജസ്ഥാന്‍ തെരുവുകളിലെമ്പാടും നിരനിരയായി പശുക്കള്‍ ചത്തുകിടക്കുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. ഒരു മലയാളി വ്‌ളോഗര്‍ ആണ് രാജസ്ഥാനില്‍ സഞ്ചരിക്കവെ തെരുവുകളില്‍ കണ്ട ചത്ത പശുക്കളുടെ ജഡങ്ങളുടെ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വാഹനമിടിച്ചോ അസുഖം ബാധിച്ചോ ആയിരിക്കാം ഇവ ചത്തത്. എന്നാല്‍ പശുസംരക്ഷണത്തിന് വന്‍ തുക നീക്കി വെക്കുന്ന സംസ്ഥാനത്ത് മറവ് ചെയ്യാതെ പശുക്കളുടെ ജഡം നിരനിരയായി കിടക്കുന്നത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.
രാജസ്ഥാന്‍ സര്‍ക്കാര്‍ ഗോശാലകള്‍ക്ക് തീറ്റ നല്‍കുന്നതിന് പ്രതിവര്‍ഷം 1,225 കോടി രൂപ നീക്കിവെക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഗോസംരക്ഷണാവശ്യാര്‍ഥം മദ്യത്തിന് 25 ശതമാനം സെസ്സ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട് സംസ്ഥാനത്ത്. എന്നിട്ടും തീറ്റ കിട്ടാതെ വിശക്കുന്ന പശുക്കള്‍ അലഞ്ഞു നടന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതായി വീഡിയോയില്‍ ദൃശ്യമാണ്. ബി ജെ പി സര്‍ക്കാറാണ് രാജസ്ഥാന്‍ ഭരിക്കുന്നത്. സംസ്ഥാനം കോണ്‍ഗ്രസ്സ് ഭരണത്തിലിരിക്കെ 2022ല്‍ പശുക്കള്‍ ചര്‍മമുഴ രോഗം ബാധിച്ച് ചത്തൊടുങ്ങിയ ഘട്ടത്തില്‍, സര്‍ക്കാര്‍ പശുസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു ബി ജെ പി. പ്രതിഷേധത്തിന്റെ ഭാഗമായി പുഷ്‌കറില്‍ നിന്നുള്ള ബി ജെ പി. എം എല്‍ എ സുരേഷ് റാവുത്ത് അന്ന് രോഗം ബാധിച്ച ഒരു പശുവിനെ നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ചതും പശു വിരണ്ടോടിയതും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വാര്‍ത്തയായിരുന്നു. നിലവില്‍ സംസ്ഥാനം ബി ജെ പി ഭരണത്തിലിരിക്കെ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനെതിരെ ഒരു ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്നില്ല.
യോഗി ആദിത്യനാഥിന്റെ ഭരണത്തിലുള്ള ഉത്തര്‍ പ്രദേശിലും പശുസംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം രൂപവത്കരിച്ച മധ്യപ്രദേശിലുമെല്ലാം പശുക്കള്‍ ചത്തൊടുങ്ങുന്നതായി പലപ്പോഴും വാര്‍ത്ത വരാറുണ്ട്. യു പി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാസ്ഗഞ്ച് ജില്ലയിലെ ഗോശാലക്ക് അരികെ കഴിഞ്ഞ വര്‍ഷം ജൂണില്‍ പശുക്കള്‍ ചത്ത് കിടക്കുകയും ചത്ത പശുവിനെ ട്രാക്ടറില്‍ കെട്ടി വലിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായതാണ്. ബി ജെ പി ഇതര സംസ്ഥാനങ്ങളില്‍ ആയിരുന്നു ഇതെങ്കില്‍ കാണാമായിരുന്നു പുകില്. ദേശീയ തലത്തില്‍ ആളിക്കത്തുമായിരുന്നു പ്രതിഷേധ കോലാഹലങ്ങള്‍. ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ഗോമാതാവെന്ന നിലയിലല്ല, കേവലം രാഷ്ട്രീയ ആയുധമെന്ന നിലയില്‍ മാത്രമാണ് ബി ജെ പിയും സംഘ്പരിവാറും പശുവിന് വിലകല്‍പ്പിക്കുന്നതെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ബി ജെ പി ഭരണമുള്ള സംസ്ഥാനങ്ങളില്‍ പശുക്കള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ദൈന്യതയും.
ശ്രീകൃഷ്ണന്റെ പൈക്കിടാങ്ങളായും ജമദഗ്നി മഹര്‍ഷിയുടെ കാമധേനുവായും ദക്ഷപ്രജാപതിയുടെ സുരഭിയായും ഇന്ത്യന്‍ ഹിന്ദു മിത്തോളജിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് പശുവെങ്കിലും ആട്, ഒട്ടകം തുടങ്ങി ഇതര മൃഗങ്ങളെ പോലെ പശുവിനെയും ഭക്ഷണാവശ്യത്തിന് ഉപയോഗപ്പെടുത്തിയിരുന്നു ബ്രാഹ്മണര്‍ ഉള്‍പ്പെടെ രാജ്യത്തെ പൂര്‍വകാല ജനതയെന്ന് ചരിത്ര, വേദ ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എച്ച് ഡി സന്‍കാലിയ എഴുതിയ “കൗ ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററി’യില്‍ പ്രാചീന ഇന്ത്യയിലെ പശുമാംസ ഉപയോഗത്തെക്കുറിച്ച് തെളിവുകള്‍ സഹിതം വിവരിച്ചിട്ടുണ്ട്. “തൈത്തീരിയബ്രാഹ്മണ’ത്തില്‍ പശു ഒരു ഭക്ഷണമാണെന്ന് രേഖപ്പെടുത്തിയതായി കാണാം. “ചരകസംഹിത’യില്‍ ഗോമാംസം സൂപ്പാക്കി ഭക്ഷിക്കുന്നതിനെക്കുറിച്ച് പറയുകയും പലവിധ രോഗങ്ങള്‍ക്കും ഗോമാംസം ഔഷധമാണെന്ന് വിവരിക്കുകയും ചെയ്യുന്നു. ഗോമാംസം കഴിക്കാത്ത ബ്രാഹ്മണന്, ബ്രാഹ്മണനായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഇന്ത്യയിലുണ്ടായിരുന്നുവെന്ന് സ്വാമി വിവേകാനന്ദന്‍ എഴുതുന്നു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ഭക്ഷ്യയോഗ്യമായ ഒരു മൃഗം എന്നതിനപ്പുറം പശുവിന്റെ മാഹാത്മ്യം വര്‍ധിച്ചതും പശുമന്ത്രാലയം, പശുക്കള്‍ക്ക് ആംബുലന്‍സ്, ചാണകത്തില്‍ നിന്ന് ഓക്‌സിജന്‍, പ്ലൂട്ടോണിയം എന്നിങ്ങനെ പുതിയ ആശയങ്ങള്‍ കേട്ടുതുടങ്ങിയതും പശുവിന്റെ പേരില്‍ രാജ്യത്താകമാനം മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ കൊലവിളി ഉയരാന്‍ തുടങ്ങിയതും. ഹിന്ദുത്വ വര്‍ഗീയത ബാധിച്ചവരെ രാഷ്ട്രീയമായി സ്വാധീനിക്കുകയെന്നതിനൊപ്പം മുസ്‌ലിംകള്‍ക്കെതിരായ വംശീയ ആക്രമണത്തിനുള്ള ആയുധമായി കൂടി ഉപയോഗപ്പെടുത്തുന്നു ഈ പശുമാഹാത്മ്യം.
ചരിത്ര വസ്തുതകള്‍ക്കു നേരെ കണ്ണടച്ചാണ് സംഘ്പരിവാര്‍ പശുവിനെ ചൊല്ലി മുസ്‌ലിംകളെയും ദളിതുകളെയും അക്രമിക്കുന്നത്. നൂറിലേറെ പേര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടു. പശുക്കടത്ത്, പശുമാംസം സൂക്ഷിച്ചു വെക്കല്‍ തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘ്പരിവാറിന്റെ “ഗോസംരക്ഷണ സേന’ കൊല്ലുന്നവരില്‍ 90 ശതമാനവും മുസ്‌ലിംകളാണ്. അതേസമയം ഹിന്ദുത്വ നേതാക്കള്‍ നടത്തുന്ന മാംസക്കമ്പനികളില്‍ മാടുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ അറവ് നടത്തുകയും മാംസം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം അമ്പത് രാജ്യങ്ങളിലേക്കായി ഒന്നര മില്യന്‍ മെട്രിക് ടണ്‍ ബീഫാണ് ഇന്ത്യ കയറ്റി അയച്ചത്. ബി ജെ പി നേതാക്കളുമുണ്ട് ബീഫ് കയറ്റുമതി കമ്പനി നടത്തിപ്പുകാരില്‍. ബീഫ് ഭക്ഷിക്കുന്നവരാണ് മുന്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെ പോലുള്ള പല പ്രമുഖ ബി ജെ പി നേതാക്കളും. “ഞാന്‍ ബീഫ് കഴിക്കുന്നയാളാണ്. ആര്‍ക്കെങ്കിലും എന്നെ തടയാനാകുമോ?’ എന്നാണ് ഐസ്വാളില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ റിജിജു ചോദിച്ചത്. മുസ്‌ലിംകള്‍ മാടിനെ അറക്കുമ്പോഴോ മാസം ഭക്ഷിക്കുമ്പോഴോ മാത്രമാണ് പ്രശ്‌നം.