Connect with us

Ongoing News

വീണ്ടും ഒരു ഹജ്ജിലേക്ക് ഉണര്‍ന്ന് പുണ്യ ഭൂമി; അഷ്ടദിക്കുകളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവ് തുടങ്ങി

ആദ്യദിനത്തില്‍ എത്തിയത് ബംഗ്ലാദേശ്, പാകിസ്ഥാന്‍, മലേഷ്യ, ഇന്ത്യ,അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍. കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ യാത്ര മെയ് 10ന്

Published

|

Last Updated

മദീന/ജിദ്ദ  | വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി അഷ്ടദിക്കുകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പ്രവചക നഗരിയായ മദീനയില്‍ എത്തിയതോടെ ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകാനുഗ്രഹിയായ മുഹമ്മദ് നബി (സ) അനുചരന്മാരെയും വരവേറ്റ യസ്രിബ് നഗരത്തില്‍ ‘ത്വലഅല്‍ ബദ്‌റു അലയ്‌ന – മിന്‍ സനിയ്യാത്തില്‍ വദാഇ വജബ ശുക്‌റു അലയ്‌നാ – മാ ദആ ലില്ലാഹി ദാഈ’ എന്ന ഈരടിയില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശ്വാസികളെ വരവേറ്റു

സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള 262 തീര്‍ഥാടകരാണ് മദീനയിലെ മദീന പ്രിന്‍സ് മുഹമ്മദ് ബിന് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എത്തിയ ആദ്യ ഹജ്ജ് സംഘം. രണ്ടാമതായി ലക്നൗവില്‍നിന്നുള്ള 288 ഹാജിമാരും എത്തിചേര്‍ന്നു. ആദ്യദിനത്തില്‍ ഹജ്ജ് മിഷന്‍ ഷെഡ്യൂള്‍ പ്രകാരം മൂന്ന് വിമാനത്തിലായി 1020 ഹാജിമാരാണ് മദീനയിലെത്തിച്ചേരുന്നത്

മദീനയിലെത്തിയ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘത്തെ  സഊദി ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ ,ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹ്മദ് ഖാന്‍ സൂരി,കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ (സിജിഐ) മുഹമ്മദ് ഷാഹിദ് ആലം എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എംബസി-ഹജ്ജ് മിഷന്‍ അധികൃതര്‍, ഐസിഎഫ് ഉള്‍പ്പെടെയുള്ള മലയാളി സംഘടനകളും ചേര്‍ന്ന് സ്വീകരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഊദി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചത്

അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങള്‍ മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോയ സമയം മദീനക്കാര്‍ തിരുനബിയെ വരവേറ്റ ”ത്വലഅല്‍ ബദ്റു അലൈനാ മിന്‍ സനിയ്യാത്തില്‍ വിദാഇ’ എന്ന സ്വാഗത ഗാനം ആലപിച്ചും,റോസാപ്പൂക്കള്‍ വിതറിയും, സംസം പുണ്യ ജലവും, ഈത്തപ്പഴവും,മിഠായിയും നല്‍കി പരമ്പരാഗത രീതിയിലാണ് ഹാജിമാരെ പ്രവാചക നഗരിവരവേറ്റത്

ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകരെയും സ്വീകരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പുണ്യസ്ഥലങ്ങളിലും ,ഹജ്ജിന് സാക്ഷ്യം വഹിക്കുന്ന മിന-അറഫ-മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. തീര്‍ത്ഥാടകരുടെ നടപടിക്രമങ്ങള്‍ വളരെവേഗത്തിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങള്‍,കര-നാവിക പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ജനറല്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് വ്യകത്മാക്കി

 

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വഴിയെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമായതായി സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ സുഹൈല്‍ ഇജാസ്ഖാന്‍ പറഞ്ഞു,ഇന്ത്യയില്‍ നിന്നും ഹജ്ജ് മിഷന്‍ വഴി 1,22,518 തീര്‍ത്ഥാടകരാണ് ഹജ്ജിനായി എത്തിച്ചേരുന്നത്

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം, യാന്‍ബുവിലെ പ്രിന്‍സ് അബ്ദുല്‍ മൊഹ്സെന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങള്‍ വഴിയാണ് ഈ വര്‍ഷം തീര്‍ത്ഥാടകര്‍ എത്തിച്ചേരുക
ശാമഴല.ുിഴ
ആദ്യ ദിനത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള തീത്ഥാടകരുമായി രണ്ട് വിമാനം ജിദ്ദയിലെത്തി, ആദ്യ ദിനത്തില്‍ ബംഗ്ലാദേശില്‍ നിന്നും ബിമാന്‍, സഊദി എയര്‍ലൈന്‍സുകള്‍ 10 വിമാനങ്ങളിലായി 4,180 തീര്‍ത്ഥാടകരെയാണ് സഊദിയിലെത്തിക്കുക, എട്ട് വിമാനങ്ങള്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും രണ്ട് വിമാനങ്ങള്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരും ,സഊദി അറേബ്യയിലെ ബംഗ്ലാദേശ് അംബാസഡര്‍ എം. ഡെല്‍വാര്‍ ഹൊസൈനും ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് തീര്‍ത്ഥാടകരെ സ്വീകരിച്ചു.പാകിസ്ഥാന്‍ ,മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന മക്ക റൂട്ട് ഇനിഷ്യേറ്റീവ് (റോഡ് ടു മക്ക) തീര്‍ത്ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി,അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘത്തെ സ്വാഗതം ചെയ്തതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 15,870 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്,കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ മെയ് 10 മുതല്‍ യാത്ര തിരിക്കും, ഈ വര്‍ഷം കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 81 ഹജ്ജ് വിമാനങ്ങളിലായാണ് തീത്ഥാടകര്‍ എത്തിച്ചേരുന്നത് ,കരിപ്പൂരില്‍ നിന്ന് മെയ് 10ന് പുലര്‍ച്ചെ 1.10 നാണ് ആദ്യ വിമാനം പുറപ്പെടുക.കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11 ന് പുലര്‍ച്ച 4 നും,കൊച്ചിയില്‍ നിന്ന് മെയ് 16 ന് വൈകിട്ട് 5.55 നുമാണ് ആദ്യ വിമാനം പുറപ്പെടുക.

 

സിറാജ് പ്രതിനിധി, ദമാം

Latest