Connect with us

From the print

പ്രതിരോധത്തിലായി ആഭ്യന്തര വകുപ്പും പാർട്ടിയും

അതേസമയം, സർക്കാറിനെതിരായ നീക്കങ്ങളെ തുറന്നുകാണിക്കാനാണെന്ന വിശദീകരണത്തോടെ അൻവർ നടത്തുന്ന തുറന്ന യുദ്ധം ആഭ്യന്തര വകുപ്പിനെയും പാർട്ടിയെയും അസാധാരണ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സർക്കാറിനെയും ആഭ്യന്തര വകുപ്പിനെയും വെട്ടിലാക്കി നിലമ്പൂർ എം എൽ എ. പി വി അൻവറിന്റെ ഗുരുതര വെളിപ്പെടുത്തൽ. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്ന ആരോപണത്തോടൊപ്പം ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടിയെയുമാണ് ഭരണകക്ഷി എം എൽ എ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ വരെ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തൽ ഇടത് കേന്ദ്രങ്ങളിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. എം എൽ എയുടെ എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും സി പി എം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, സർക്കാറിനെതിരായ നീക്കങ്ങളെ തുറന്നുകാണിക്കാനാണെന്ന വിശദീകരണത്തോടെ അൻവർ നടത്തുന്ന തുറന്ന യുദ്ധം ആഭ്യന്തര വകുപ്പിനെയും പാർട്ടിയെയും അസാധാരണ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.

അൻവർ പ്രധാനമായും ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയാണ്. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണെന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് എം എൽ എ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ആഭ്യന്തരവകുപ്പ് പരാജയമാണെന്നും തലപ്പത്ത് ക്രിമിനൽ ബന്ധമുള്ളവരാണെന്നും ഭരണപക്ഷ എം എൽ എ പറയുമ്പോൾ ഇത് മുഖ്യമന്ത്രിയുടെ പരാജയമായാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം, അൻവറിന്റെ നീക്കത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് പാർട്ടി നേതൃത്വത്തെയും അണികളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഇത്രയേറെ ആരോപണം ഉന്നയിക്കാൻ അൻവറിന് പിന്നിൽ പാർട്ടിയിലെ തന്നെ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാൽ പാർട്ടിക്കും സർക്കാറിനും വേണ്ടി സൈബർ പോരാട്ടം നടത്തി വരുന്ന അൻവറിന്റെ പുതിയ നീക്കത്തെ അമ്പരപ്പോടെയാണ് പാർട്ടി കാണുന്നത്.

Latest