Ongoing News
ചൊവ്വയിലെ വലിയ രഹസ്യങ്ങളെക്കുറിച്ച് കണ്ടെത്തലുകള്‍ നടത്തി ഹോപ്പ് പ്രോബ്
ചുവന്ന ഗ്രഹത്തിന്റെ സ്വഭാവത്തെയും കാലാവസ്ഥയെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നവയാണ് ഈ കണ്ടെത്തലുകള്‍.
അബൂദബി | ഇമാറാത്തി ഹോപ്പ് പ്രോബ് അതിന്റെ ശാസ്ത്രീയ ദൗത്യങ്ങള്‍ തുടരുന്നു. ചൊവ്വ ഗ്രഹത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടുന്നതിനും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ വെളിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിര്‍ണായകമായ കണ്ടെത്തലുകള്‍ ഈയിടെ നടത്തി. ചുവന്ന ഗ്രഹത്തിന്റെ രഹസ്യങ്ങളെക്കുറിച്ചുള്ള ആഗോള ധാരണയും അതിന്റെ സ്വഭാവത്തെയും കാലാവസ്ഥയെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നവയാണ് ഈ കണ്ടെത്തലുകള്‍.
ഹോപ്പ് പ്രോബ് ചൊവ്വയുടെ അന്തരീക്ഷത്തിലെ കാലാനുസൃതവും ദിവസേനയുള്ളതുമായ മാറ്റങ്ങളും അപ്രത്യക്ഷമാകുന്നതിന് കാരണമാകുന്ന സൗര സ്വാധീനത്തിന്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളും നിരീക്ഷിക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
പുതിയ നേട്ടങ്ങളില്‍, ആഗസ്റ്റ് ഏഴിന്, ചൊവ്വയുടെ ഇരുണ്ട വശത്തിന്റെ അറോറയുടെ നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏകദേശം രണ്ട് വര്‍ഷത്തോളം അറോറയിലെ പ്രാദേശിക സമയത്തിന്റെയും ഋതുക്കളുടെയും മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ജൂലൈയില്‍, വിവിധ സീസണുകളിലായി ഹൈഡ്രജന്‍ ഉദ്വമനത്തിന്റെ ശരാശരി തീവ്രതയിലെ മാറ്റം കാണിക്കുന്ന ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. മാറിക്കൊണ്ടിരിക്കുന്ന സൗരസാഹചര്യങ്ങളില്‍, ചൊവ്വയുടെ ജലം ഇപ്പോള്‍ എങ്ങനെ നഷ്ടപ്പെടുന്നുവെന്ന് മനസിലാക്കാന്‍ ഇത് സംഭാവന നല്‍കി.