Kerala
ഗ്യാസ് സിലിണ്ടറില്‍ നിന്നും അപ്രതീക്ഷിതമായി തീപടര്‍ന്ന് വീട് കത്തിനശിച്ചു
അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തെ ഇടപെടല്‍മൂലമാണ് സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്ന് ഉണ്ടായേക്കാവുന്ന വലിയ അപകടം ഒഴിവാക്കാനായത് .

ശാസ്താംകോട്ട | കുന്നത്തൂര്‍ ഐവര്‍ക്കാലയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീപടര്‍ന്ന് വീട് കത്തിനശിച്ചു. അനു ഭവനത്തില്‍ അനിലിന്റെ വീടിനാണ് തീപിടിച്ചത്. വീട്ടുകാര്‍ രാവിലെ ആഹാരം പാകംചെയ്യുന്നതിനിടെയാണ് സിലിണ്ടറില്‍ നിന്നും അപ്രതീക്ഷിതമായി തീയുണ്ടായത്. സിലിണ്ടറില്‍ നിന്നും അടുക്കളയിലേക്കും അടുത്തുള്ള മുറികളിലേക്കും തീപടര്‍ന്നു. തുടര്‍ന്ന് ശാസ്താംകോട്ട അഗ്നിരക്ഷാസേന സ്ഥലത്തെത്തി കത്തിക്കൊണ്ടിരിക്കുന്ന സിലിണ്ടര്‍ പുറത്തെത്തിക്കുകയും തീപടര്‍ന്ന അടുക്കളയും മുറികളും വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയുമായിരുന്നു.
വീടിനുള്ളിലെ വയറിങ് സാമഗ്രികളെല്ലാംതന്നെ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്ന് ഉണ്ടായേക്കാവുന്ന വലിയ അപകടം ഒഴിവാക്കാനായത് അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തെ ഇടപെടലാണ്.
ശാസ്താംകോട്ട അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ ജയചന്ദന്റെ നേതൃത്വത്തിലായിരുന്നു സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.