Story
നിങ്ങള്‍ തിരക്കിയ വീട്
സ്വന്തമായി അധ്വാനിച്ച് കഴിക്കുന്നിടത്തോളം രുചി മറ്റൊരു ആഹാരത്തിനുമില്ല.ജോലി ഉണ്ടാകുമ്പോഴേ മറ്റു ക്രിയകളും ചെയ്യാനാകു. അല്ലെങ്കിൽ മൊത്തമൊരു അനിശ്ചിതത്വമാകും ഉണ്ടാവുക
“അതാണ് നിങ്ങൾ തിരക്കിയ വീട്’. വീട് കാണിക്കാൻ വന്നയാളൊരു ചെറിയ വാർക്ക വീടിന് നേരെ വിരൽ ചൂണ്ടിയും എന്റെ പുറത്ത് തട്ടിയും പറഞ്ഞു. കോവിഡ് കാലമാണെന്നും ഈ കാലത്ത് അപര ദേഹത്തിൽ നിന്നകലം പാലിക്കണമെന്നും അപരദേഹത്തെ സ്പർശിക്കരുതെന്നും അയാൾ മറന്നതാവാം…
വീട് കാണിച്ച് തന്നതിൽ നന്ദിയുണ്ടെന്നമട്ടിൽ ഞാൻ ചിരിച്ചിട്ട് ആ വീടിന്റെ വാതിലിൽ മുട്ടിയപ്പോൾ ദേഹം പാതിയും പ്രദർശിപ്പിച്ചു കൊണ്ട് കൈലിമുണ്ട് ധരിച്ച ഒരാൾ വാതിൽ തുറന്നു…
അയാൾക്ക് അമ്പതിനു മേൽ പ്രായമുണ്ടെങ്കിലും ചെറുപ്പമൊന്നുമയാളിൽ നിന്ന് വിട പറഞ്ഞിട്ടില്ല. നാട്ടുമ്പുറമായത് കൊണ്ടാകും അതിഥിക്ക് മുന്നെ ഷർട്ടിടാതെ നിൽക്കുന്നതിന്റെ ജാള്യതയൊന്നും അയാളിൽ കണ്ടില്ല.
അങ്ങനെയെങ്കിൽ അയാൾ വാതിലിൽ മുട്ടുകേട്ടപ്പോൾ തന്നെ ഷർട്ട് ഇട്ടിട്ടല്ലേ വരൂ.”ഞാൻ നിങ്ങൾ എഴുതുന്നതൊക്കെ വായിക്കാറുണ്ട്.’ എന്ന് പറഞ്ഞപ്പോൾ അയാളുടെ മുഖം ഒന്നൂടെ പ്രസന്നമായി.
അന്നേരമയാളേത് പുസ്തകമാണ് വായിച്ചതെന്ന് ചോദിച്ചിരുന്നെങ്കിൽ ചുറ്റിപ്പോയേനേ….. പണ്ട് കുറെ വായിച്ചിരുന്നതാണ്. ഇപ്പോ ജോലിയൊക്കെ തരമായ ശേഷമൊന്നിനും സമയം കിട്ടുന്നില്ല. പിന്നെയേത് റോളിലാണ് സുഹൃത്തേ ഞാനാ വീട്ടിൽ ചെല്ലുക?
“ചായ എടുക്കട്ടെ …. ” എന്ന് ചോദിച്ചുകൊണ്ട് എനിക്കും അയാൾക്കും മുന്നിലൊരു സ്ത്രീ പ്രത്യക്ഷപ്പെട്ടപ്പോൾ എടുത്തോളൂവെന്ന മട്ടിൽ അയാൾ തല കുലുക്കി.
ചായ ഇപ്പോൾ കുടിച്ചതാണെന്ന് അയാളുടെ ഭാര്യയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി പറഞ്ഞെങ്കിലും ഫസ്റ്റ് ടൈമല്ലേ എന്നായി അയാൾ…വീട് ചെറുതെങ്കിലും അയാളുടെ ദാരിദ്ര്യത്തെ പെയിന്റടിച്ച് മിനുക്കാത്ത ദേഹം കൊണ്ടത് മൗനമായി വിളിച്ചോതുന്നുണ്ടായിരുന്നു. ഈ എഴുത്തുകാരൊക്കെ എന്താ ഇങ്ങനെ? ഒരിക്കലൊരു ഫെയ്സ് ബുക്ക് ഫ്രണ്ട് പറഞ്ഞത് എഴുത്തുകാരേയും അവരുടെ ക്രിയേറ്റിവിറ്റിയേയും ഇഷ്ടമാണെങ്കിലും അവരുടെ അലസതയെ ഇഷ്ടമല്ലെന്നാണ്.
കുടുംബമെന്നൊക്കെ പറയുന്നത് ഇവർക്ക് വലിയ ബാധ്യതയാണെന്നാ കേട്ടിട്ടുള്ളത്. അയാളീ വർഷമാദ്യമാണ് ജോലിയിൽനിന്ന് പിരിഞ്ഞത്. അതുവരെ അതെങ്കിലും ഉണ്ടായിരുന്നുവെന്നതിന്റെ ആഹ്ലാദമുണ്ടായിരുന്നു.അപ്പോളതിന്റെ വേവലാതികളും വേദനകളുമേ ആലോചിച്ചുള്ളൂ. അത് കൂടെ ഇല്ലാതാകുമ്പോൾ അതെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കും… ഓർമ വെച്ച നാൾ തൊട്ടേ മറ്റൊരാളുടെ കീഴിൽ നിന്ന് ജോലി ചെയ്താ പരിചയം. അതുകൊണ്ട് സ്വന്തമായൊന്നും ചെയ്യുവാനും ധൈര്യമില്ല.
സ്വന്തമായിട്ട് എന്തെങ്കിലും ചെയ്തിട്ടുള്ള ഒരാൾക്ക് മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുവാനും കഴിയില്ല. വിരമിച്ചപ്പോഴേക്കും കൊവിഡുമായി.കിട്ടിയത് മുഴുവൻ വീടിന് മേലാപ്പ് തീർ
ത്തും ചുറ്റും ഷീറ്റ് കൊണ്ട് വേലി പണിതും തീർത്തു… നമുക്കെവിടെ നിന്നെങ്കിലും കുറച്ചു് ചില്ലറ കിട്ടിയെന്നറിഞ്ഞാൽ വീട്ടുകാർക്കുള്ള ആവശ്യങ്ങളുടെ പട്ടികയ്ക്കും അറുതി ഉണ്ടാകില്ല. കൺമുന്നിൽ ഒരാണുണ്ടെങ്കിലതും തലതിരിഞ്ഞ് നടപ്പാണ്. ഫോറിനിലൊക്കെ പോയെങ്കിലും അവിടെയൊന്നും വേരുറക്കാതെ തിരികെപോന്നു. ഇങ്ങനെയൊക്കെ പറഞ്ഞപ്പോളയാളുടെ കണ്ണ് നിറഞ്ഞു…
സന്താനത്തിൻ പിഴവ് കൊണ്ടാകും അയാളുടെ ഭാര്യ വേദപുസ്തകത്തിലും പ്രാർഥനകളിലും മാത്രമായത്.വെറുതെയിരിപ്പ് മടുത്തെന്നും അത് കണ്ടും ഇത് കണ്ടും കൊതിച്ചിട്ട് കാ
ര്യമില്ലെന്നും അയാൾ… കൊവിഡ് കഴിഞ്ഞാൽ ഇനിയും ജോലിക്ക് പോണം…..
സ്വന്തമായി അധ്വാനിച്ച് കഴിക്കുന്നിടത്തോളം രുചി മറ്റൊരു ആഹാരത്തിനുമില്ല.ജോലി ഉണ്ടാകുമ്പോഴേ മറ്റു ക്രിയകളും ചെയ്യാനാകു. അല്ലെങ്കിൽ മൊത്തമൊരു അനിശ്ചിതത്വമാകും ഉണ്ടാവുക. നമ്മളെക്കാൾ വീട്ടിലിരിക്കുന്നവരും നീറും…
പരിചയപ്പെട്ടതിൽ സന്തോഷമുണ്ടെന്നൊക്കെ പറഞ്ഞ് എഴുന്നേറ്റപ്പോൾ ഇനിയും വരണമെന്നും തുടർന്നും തന്റെ കൃതികൾവായിക്കണമെന്നും അയാൾ പറഞ്ഞു. ഒരു വായനക്കാരനാണെങ്കിൽ ഒരു വായനക്കാരൻ എഴുതുന്നയാളുടെ സമ്പത്താണല്ലോ…. അതു കൊണ്ടാണീ വർഗത്തിന് അവരോട് മിണ്ടിപ്പറയാൻ ചെല്ലുന്നവരോടൊക്കെയിത്ര പ്രിയം………
പുറത്തേക്കിറങ്ങുമ്പോൾ അടുത്ത വീട്ടിലെ ഗെയ്റ്റിൽ നിന്നിരുന്ന സ്ത്രീ എവിടെ നിന്നാ എന്താ എന്നൊക്കെ ചോദിച്ചു. അവരുടെ ചോദ്യത്തിലൊക്കെയൊരു ഗർവിൻ ദുർഗന്ധമുണ്ടായിരുന്നെങ്കിലും അതിനൊക്കെ താൻ കൃത്യമായി മറുപടി പറഞ്ഞു. പോകാൻ ധൃതിയില്ലെങ്കിൽ വീടിനകത്തിരുന്ന് സംസാരിക്കാമെന്നായി ആ സ്ത്രീ ……
അവരൊരു അഭിസാരികയൊന്നുമാകില്ലെന്ന് തീർച്ചപ്പെടുത്തിയവരുടെ വീട്ടിലേക്ക് കയറി.
” അവിടെയുള്ള മൂന്ന് പേരും മൂന്ന് ലോകത്തായിരുന്നു സാറേയിതു വരെ.’
“ഈ സ്ഥലത്തിങ്ങനെ ശ്മശാന മൂകത തളം കെട്ടി നിൽക്കുന്ന വേറൊരു വീടില്ല സാർ…’ മകനാണെങ്കിലെപ്പോഴും പുറത്ത്. ഭാര്യയാണെങ്കിൽ മറ്റു തിരക്കിലും. പിന്നെ ആരാ ആ വീടിനെ ചലനാത്മകമാക്കുക?
ഈ ഒരവസ്ഥയിലാണ് അയാളുടെ മകൻ കൂട്ടുകാരൻ കൊടുത്തതാണെന്ന് പറഞ്ഞൊരു പൂച്ചക്കുഞ്ഞുമായി വന്നത്… അതോടെ അവരുടെ മൂന്ന് പേരുടെയും ലോകം ഇല്ലാതായി. ഇപ്പോ ഏറ്റവും കൂടുതൽ സംസാരം കേൾക്കുന്നതീവീട്ടിൽ നിന്നാണ്. പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാൻ ഓമനിക്കാൻ അവർ മൂന്ന് പേരും മത്സരിക്കുകയാ….
പൂച്ചയാണെങ്കിൽ ആ പയ്യന്റെ കിടക്കയിലും സോഫയിലുമൊക്കെയാ കിടപ്പും ഇരിപ്പും ഉറക്കവും…രണ്ട് കവർ പാൽ വാങ്ങുന്നതിൽ പാതിയും പൂച്ചയ്ക്കാ കൊടുക്കുന്നതെന്നാ അയാളുടെ ഭാര്യ ഇന്നലെ കൂടെ പറഞ്ഞത്. അങ്ങേരാണെങ്കിൽ ഞങ്ങളുടെ വളർത്തു പൂച്ചയെ ആ മുറ്റത്തെങ്ങാനം കണ്ടാൽ കല്ലെടുത്തെറിഞ്ഞ് പായിക്കും.
ഇപ്പോ മകനോട് പോലുമില്ലാത്ത സ്നേഹമാ അയാൾക്കാ പൂച്ചയോട്. അവനെന്നാ അയാളാ പൂച്ചയെ വിളിക്കുക. അവൻ തിന്നോ അവൻ കിടന്നോ എന്നൊക്കെ ചോദിക്കും.
പണ്ടൊരു ജീവിയേയും സ്നേഹിക്കാത്ത ആളായിരുന്നു. ഇനിയാരാ വീട്ടിൽ നിന്ന് പോയാലും പൂച്ച പോകാതിരുന്നാൽ മതിയായിരുന്നുവെന്നാ അയൽക്കാരൊക്കെ ആഗ്രഹിക്കുന്നത്.
“സാറിന് കുടിക്കാൻ …’
“അയ്യോ ഒന്നും വേണ്ട. ഞാനിപ്പോ അവിടെ നിന്നൊരു ചായ കുടിച്ചതേയുള്ളൂ…’ എഴുത്തുകാരനോട് അയാളുടെ ഭാര്യയോട് അയാളുടെ അയൽക്കാരിയോട് ഞാനൊരു എഴുത്തുകാരനാണെന്ന് പറയാതിരുന്നതെത്ര ഭാഗ്യമായി. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ എനിക്കിങ്ങനെയൊരു കഥ എഴുതാനാകുമായിരുന്നില്ലല്ലോ…