Story
വിശപ്പ്
പഠന കോപ്പുകൾ എടുത്തുവെച്ച ബാഗിന്റെ മൂലയിൽ ആ ചോറ്റുപാത്രവും വെച്ച് ഒട്ടിപ്പിടിച്ച വയറിൽ ഉണങ്ങിയ റോട്ടിക്കഷണവും കഴിച്ച് വിശപ്പ് തീർത്ത മട്ടിൽ അവൻ ബേഗും തൂക്കി സ്കൂൾ ലക്ഷ്യമിട്ട് ചീറിപ്പായുന്ന റോഡരികിലൂടെ തുന്നിക്കൂട്ടിയ കുപ്പായവും നിക്കറുമിട്ട് തലതാഴ്ത്തി വേഗം സ്കൂളിലേക്ക് നടന്നു. സ്കൂളിൽ എത്തിയപ്പോൾ മണി മുഴങ്ങി. അവൻ വേഗം ക്ലാസിലേക്ക് പോയി. കുട്ടികളെല്ലാവരും അവരുടെ സീറ്റ് ഉറപ്പിച്ചു. ഒരു മൂലയിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതു കണ്ടു. അവന്റെതാണെന്ന് ഉറപ്പിച്ചു അതിലിരുന്നു. ധരിച്ച വസ്ത്രം കണ്ട് കുട്ടികൾ എല്ലാവരും അവനെ പരിഹസിച്ചിരുന്നു. അതെല്ലാം ക്ഷമിച്ചു അവനിരുന്നു.
കുറച്ചുനേരം കഴിഞ്ഞ് ക്ലാസ്സിൽ ടീച്ചർ വന്നു. അങ്ങനെ ഓരോ പിരീഡും കഴിഞ്ഞ് അവസാനം ബെല്ലടിച്ചു. അത് ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നു. എല്ലാവരും അവരവരുടെ ചോറ്റുപാത്രം എടുത്ത് പുറത്തേക്ക് പോയി. ഇവൻ അവരുടെ പിന്നാലെ തന്നെ പോയി. ഭക്ഷണം കഴിക്കുന്നത് പാറക്കല്ലിലിരുന്നാണ്. അവർ ഒരു കൂട്ടമായിരുന്നു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി. അവന്റെ കൈയിൽ ഉണ്ടായിരുന്ന ചോറ്റുപാത്രം തുറന്നു. അതിലുണ്ടായ ചെറിയ റൊട്ടിക്കഷ്ണം എടുത്ത് കഴിച്ച് വിശപ്പ് തീർത്ത മട്ടിൽ ക്ലാസ്സിലേക്ക് നടന്നു. കുറച്ചുനേരം കഴിഞ്ഞ് അധ്യാപകൻ ക്ലാസ്സിൽ എത്തി. എല്ലാവരും എഴുന്നേറ്റ് നിന്ന് ഗുഡ് ആഫ്റ്റർനൂൺ പറഞ്ഞു. “ഇരുന്നോളൂ, എല്ലാവരും ഭക്ഷണം കഴിച്ചോ?’. “അതേ സാർ, എല്ലാവരും കഴിച്ചു.’ “നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം ഏതാണ്?’ “പൊറോട്ടയും ചിക്കനും ബിരിയാണിയുമാണ് സാർ’. അങ്ങനെ എല്ലാവരും പറഞ്ഞു. വിശപ്പിന്റെ കാഠിന്യം സഹിക്കാൻ പറ്റാതെ അവൻ ഇത് കേട്ടിരിക്കുകയാണ്. അധ്യാപകൻ അവന്റെ അരികിലേക്ക് നീങ്ങി ചോദിച്ചു. “ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഏതാണ്?’ “അങ്ങനെയൊന്നുമില്ല സാർ’. കുട്ടികൾ പരിഹസിച്ചുകൊണ്ട് ഇവന് ഇഷ്ടം റൊട്ടിയാണ് സാറേ എന്ന് പറഞ്ഞു. സാർ വീണ്ടും ചോദിച്ചു: “നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഏതാണ്’. അവൻ എഴുന്നേറ്റുനിന്ന് ഉറക്കെ പറഞ്ഞു “വിശപ്പാണ് സാർ എല്ലാ ഭക്ഷണത്തേക്കാളും രുചി.’