Kerala
ആധുനിക ചികിത്സ നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ല; പ്രസവത്തെ തുടര്‍ന്ന് സ്ത്രീയും കുഞ്ഞും മരിച്ചു
ആധുനിക ചികിത്സ വേണ്ടെന്നും ഭാര്യക്ക് സാധാരണ പ്രസവം മതിയെന്നും ഭര്‍ത്താവ് ശഠിച്ചതായി കൗണ്‍സിലര്‍. ആശാപ്രവര്‍ത്തകരും പോലീസും താനും വീട്ടിലെത്തി സംസാരിച്ചിട്ടും വഴങ്ങിയില്ല.

തിരുവനന്തപുരം | കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീയും കുഞ്ഞും മരിച്ചു. പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയത്.
സംഭവത്തില്‍ ഷെമീറയുടെ ഭര്‍ത്താവിനെതിരെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും രംഗത്തു വന്നിട്ടുണ്ട്. ആധുനിക ചികിത്സ വേണ്ടെന്നും ഭാര്യക്ക് സാധാരണ പ്രസവം മതിയെന്നും ഭര്‍ത്താവ് ശഠിച്ചതായി കൗണ്‍സിലര്‍ ദീപിക മാധ്യമങ്ങളോടു പറഞ്ഞു. ആശാപ്രവര്‍ത്തകരും പോലീസും താനും വീട്ടിലെത്തി സംസാരിച്ചിട്ടും വഴങ്ങിയില്ല. യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്തുമെന്ന് പറഞ്ഞ ഭര്‍ത്താവ് എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു.
അക്യുപങ്ചര്‍ ചികിത്സ മാത്രമാണ് യുവതിക്ക് നല്‍കിയതെന്ന് സൂചനയുണ്ട്. അനുസരിക്കാതിരുന്നാല്‍ ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന ഭീതിയിലായിരുന്നു ഷെമീറ ബീവിയെന്ന് കൗണ്‍സിലര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഷെമീറയുടെ ആദ്യ മൂന്ന് പ്രസവവും സിസേറിയന്‍ ആയിരുന്നു. ഒരു വര്‍ഷം മുമ്പ് മാത്രമായിരുന്നു അവസാനത്തെ പ്രസവം.
മകള്‍ ഗര്‍ഭിണിയാണെന്ന വിവരം പോലും ആദ്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ഷെമീറയുടെ മാതാപിതാക്കള്‍ പറഞ്ഞു. അറിഞ്ഞത് ഒരുമാസം മുമ്പ് മാത്രമാണ്. പ്രസവശേഷം വീട്ടിലെത്താമെന്നും സഹായത്തിന് ആളുണ്ടെന്നുമാണ് മകള്‍ പറഞ്ഞിരുന്നത്. പിന്നീട് മകളെ കിട്ടിയില്ലെന്നും മാതാവ് സ്വകാര്യ മാധ്യമത്തോടു പറഞ്ഞു.