Connect with us

missing woman

ഭാര്യയുടെ മൃതദേഹം കിണറ്റില്‍ കണ്ടതിനു പിന്നാലെ ഭര്‍ത്താവിനെ കാണാതായി

രണ്ട് ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കിണറ്റില്‍ കണ്ടത് മകന്‍

Published

|

Last Updated

ബത്തേരി | വയനാട്ടില്‍ രണ്ട് ദിവസം മുമ്പ് കണാതായ വീട്ടമ്മയെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊഴുതന ഇടിയംവയല്‍ സ്വദേശി മീനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മീനയുടെ ഭര്‍ത്താവ് ശങ്കരനെ കാണാതായി. കഴിഞ്ഞ ദിവസം രാവിലെ മകന്‍ അടുത്തുള്ള കിണറ്റില്‍ വെള്ളം കോരാന്‍ പോയപ്പോഴാണ് മീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മീനയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ ഭര്‍ത്താവിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇടിയംവയല്‍ സ്വദേശി മീനയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ നിന്ന് കാണാതായത്. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മകന്‍ വെള്ളംകോരുമ്പോള്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മീന മരിച്ചെന്ന വിവരം പരന്നതിനു പിന്നാലെയാണ് ഭര്‍ത്താവ് ശങ്കരനെ കാണാതായത്.

സ്ഥിരം മദ്യപനായ ശങ്കരനും മീനയും തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. ഇക്കാര്യം പ്രദേശവാസികളും ബന്ധുക്കളും പോലീസിന് മൊഴി നല്‍കി. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.

Latest