Connect with us

cover story

കുട്ടനാടൻ ജീവിതത്തിലെ നൊന്പരച്ചാലുകൾ

കൊയ്‌തൊഴിഞ്ഞ പാടങ്ങളിലൂടെ താറാവിന്‍കൂട്ടങ്ങൾ ഒഴുകിമറയുന്ന കാഴ്ച ചേതോഹരമായിരുന്നു. കണ്ണെത്താത്ത പാടങ്ങൾ ചുരുങ്ങിയപ്പോൾ അത്തരം കാഴ്ചകളും അസ്തമിച്ചു. ഇപ്പോൾ കൂട്ടത്തോടെ കൊന്നൊടുക്കുന്ന താറാവിൻ കൂട്ടങ്ങളുടെ കരളലിയിക്കുന്ന വാര്‍ത്തകളാണ് ഏറെയും. എന്നിട്ടും ലക്ഷ്യം കൈവിടാതെ താറാവ് കര്‍ഷകർ തങ്ങളുടെ പരമ്പരാഗതമായ തൊഴിലിൽ പ്രതീക്ഷയര്‍പ്പിച്ചു മുന്നോട്ടുപോകുന്നു.

Published

|

Last Updated

“രാത്രി ഉറങ്ങാനാകില്ല. പാതിരാത്രി ആകുന്നതിനു മുന്പേ തന്നെ പട്ടി ശല്യം തുടങ്ങും. ചുറ്റിലും മറച്ചുകെട്ടിയ പ്ലാസ്റ്റിക് വല കടിച്ചുകീറി കൂടിനുള്ളിൽ അവ കൂട്ടത്തോടെ കയറും. കിട്ടാവുന്നത്രയും താറാവുകളെ കടിച്ചുകീറും. ബഹളം കേട്ടുണരുമ്പോഴേക്കും കുറെയെണ്ണമെങ്കിലും ചത്തിട്ടുണ്ടാകും. ഇതു പുലരുന്നതുവരെ തുടരും. പിന്നെ ടോര്‍ച്ചും വടിയും കൈയിലേന്തി കാവലിരിക്കണം. മരംകോച്ചുന്ന തണുപ്പത്തും വീശിയടിക്കുന്ന കാറ്റിലും കൂരിരുട്ടിലും ചിലപ്പോൾ നേരം പുലരുവോളം പ്ലാസ്റ്റിക് കൂടാരത്തിനുള്ളിൽ അങ്ങനെയിരിക്കേണ്ടിവരും.’ താറാവ് കര്‍ഷക സഹായി ആലപ്പുഴ ചെന്നിത്തല മോനച്ചൻ ഇതു പറയുമ്പോൾ പശ്ചാത്തലത്തിൽ ദയനീയതയുടെ ചിറകടികൾ കേള്‍ക്കാം.

കുട്ടനാടൻ കുഞ്ഞോളപ്പരപ്പിന്റെ നെറുകയിലൂടെ കൊതുമ്പു വള്ളങ്ങളിൽ ഊളിയിട്ടു താറാവിന്‍കൂട്ടങ്ങള്‍ക്കു പിന്നാലെ രാവന്തിയോളം നീങ്ങുന്ന കര്‍ഷകര്‍. തങ്ങള്‍ക്കു അന്നം തരുന്ന അവയ്ക്ക് ഭക്ഷണം തേടി നാടും വീടും വിട്ട് അകലങ്ങളില്‍പോലും ചിലപ്പോള്‍ ഇവക്കൊപ്പം ടെന്റുകെട്ടി കഴിയേണ്ടി വരുന്ന ഉറക്കംവരാത്ത ദിനരാത്രങ്ങള്‍… കുടുംബത്തിലെ പ്രധാന കാര്യങ്ങള്‍ക്കു പോലും പങ്കുകൊള്ളാനാകാതെ ചെളിയും വെള്ളവും നീന്തിയുള്ള “താറാവ്ജീവിതം’…. അവര്‍ക്കും പറയാൻ ഏറെയുണ്ട്.

ചെളിമണമുള്ള അലച്ചില്‍

താറാവുകളെ പരിപാലിച്ചുകൊണ്ടാണ് ഇവിടങ്ങളിലെ കര്‍ഷകരുടെ പുലരികൾ ഉണരുന്നത്. പുലര്‍ച്ചെ തീറ്റ കൊടുത്തശേഷം കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലേക്കിറക്കിവിടുന്ന താറാവിന്‍കൂട്ടങ്ങളെ തിരികെ കൂട്ടിൽ കയറ്റുന്നതുവരെയും അവക്കു പിന്നാലെയുള്ള പ്രയാണം വേറിട്ടതും കൗതുകം നിറഞ്ഞതുമാണ്. സമീപത്ത് മറ്റു കര്‍ഷകരുടെ താറാവുകൾ ഉണ്ടെങ്കിൽ അതോടൊപ്പം ഇവയും ചേരാനുള്ള സാധ്യത മുന്നില്‍ക്കണ്ടു വേണം പാടത്തേക്കിറക്കിവിടാന്‍. തീറ്റയുള്ള പാടങ്ങൾ നേരത്തെ കണ്ടുവെച്ചു നെല്‍കര്‍ഷകരുടെ അനുവാദത്തോടെയാകും അവിടെ താറാവിന്‍കൂട്ടങ്ങളെ ഇറക്കുന്നത്.
വൈകുന്നേരങ്ങളിൽ കൂട്ടിൽ കയറ്റുന്നതിനു മുമ്പായി ഇവയുടെ എണ്ണമെടുക്കുമ്പോൾ കുറവ് കണ്ടെത്തിയാൽ അവ അടുത്ത കൂട്ടത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നു ഉറപ്പിക്കാം. ചിലർ അത്തരത്തിൽ വന്നുപെട്ട താറാവുകളെ തിരികെ കൊടുക്കുമെങ്കിലും മിക്കവരും കൊടുക്കാറില്ലത്രെ. ഓരോരുത്തരുടെയും താറാവിന്‍കൂട്ടങ്ങളെ തിരിച്ചറിയാന്‍ ചുണ്ടുകളിൽ പ്രത്യേക അടയാളങ്ങളിട്ടിട്ടുണ്ടാകും.

കൂട്ടിൽ കയറ്റിയാല്‍ പുലര്‍ച്ചെ ഒരു മണി മുതൽ ഇവ മുട്ടയിട്ടു തുടങ്ങും. നാല് മണിയോടെ മുട്ട നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ ആകുമ്പോഴേക്കും മുട്ടയെല്ലാം താറാവുകൾ ചവിട്ടി പ്പൊട്ടിക്കാനുള്ള സാധ്യത ഏറെയാണ്. നല്ല തീറ്റയുള്ള സന്ദര്‍ഭങ്ങളില്‍ ചാരന്‍ചെമ്പയിനം താറാവാണെങ്കിൽ നന്നായി മുട്ട ലഭിക്കുമത്രെ.

വിരിയിക്കാൻ ഇന്‍ക്യുബേറ്റര്‍

താറാവുകൾ പൊതുവെ അടയിരിക്കാത്തതുകാരണം കുഞ്ഞുങ്ങളെ വിരിയിക്കാൻ മുന്‍കാലങ്ങളിൽ അടക്കോഴികളുള്ള വീട്ടുകാരെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. അതിനു വാടകയും കൊടുക്കണമായിരുന്നു. എന്നാൽ ആധുനിക സംവിധാനങ്ങളായപ്പോൾ അടക്കോഴികളെ ഉപയോഗിക്കാറില്ല. പകരം മുട്ടകൾ തമിഴ്‌നാട്ടിൽ കൊണ്ടുപോയി വിരിയിച്ചു കൊണ്ടുവരുന്ന കുഞ്ഞുങ്ങളെ വാങ്ങുകയാണ് പതിവ്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയിൽ ഇത്തരത്തിൽ മുട്ട വിരിയിച്ചു നല്‍കുന്ന നിരവധി സ്വകാര്യ ഇന്‍ക്യുബേറ്റർ യൂനിറ്റുകളുണ്ട്.

സര്‍ക്കാർ ഡക്ക് ഫാമുകളില്‍നിന്ന് ഇത്തരം കുഞ്ഞുങ്ങളെ 17 രൂപ നിരക്കിൽ കിട്ടുമെങ്കിലും സ്വകാര്യ ഫാമുകളിൽ നിന്ന് 25 രൂപ നിരക്കിലാണ് ലഭിക്കുക. എന്നാൽ പൂവൻ താറാവുകൾ കൂട്ടത്തിലില്ലെങ്കിൽ മുട്ടകൾ വിരിയാറില്ല. പുതിയ മുട്ടകള്‍ക്ക് ഏഴ് ദിവസം ആകുമ്പോഴേക്കും തോടിനു പുറത്ത് കറുത്ത മങ്ങൽ കണ്ടുതുടങ്ങിയാൽ അത് വിരിയുന്നതായിരിക്കും എന്നു ഉറപ്പിച്ചാണ് ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടെ വിരിയിക്കുന്നത്. അതേസമയം ആന്ധ്രയില്‍നിന്ന് വിലക്കുറവിൽ താറാവിൻ കുഞ്ഞുങ്ങളെ കേരളത്തിൽ വിറ്റഴിക്കുന്നുണ്ടെങ്കിലും അവക്കു പ്രതിരോധ ശേഷി കുറവാണെന്ന് കര്‍ഷകർ പറയുന്നു.

“പന്തീരായിരം താറാവുകളെ വളര്‍ത്തിയിരുന്ന ആളാണ് ഞാന്‍. ഇപ്പോൾ അത് ആയിരമായി ചുരുങ്ങി. പരമ്പരാഗതമായി താറാവുകളെ വളര്‍ത്തി ജീവിച്ചിരുന്ന ഞങ്ങള്‍ക്കു ഇതു തുടര്‍ന്നുകൊണ്ടുപോകണമെന്ന ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയുന്നില്ല. ഈ മേഖലയിൽ ഇപ്പോൾ നിരവധി പ്രശ്‌നങ്ങളുണ്ട്. അതു പരിഹരിക്കാൻ ആരുമില്ല. ഈ കാര്യത്തില്‍കൂടി അധികൃതരുടെ ശ്രദ്ധയെത്തേണ്ടതുണ്ട്.’ മധ്യകേരളത്തിലെ പ്രധാന താറാവ് കര്‍ഷകരിലൊരാളായ ആലപ്പുഴ മാന്നാർ തോട്ടുനിലത്ത് സജി എന്ന 53 കാരൻ നിരാശമുറ്റിയ മുഖത്തോടെയാണ് ഇത് പറയുന്നത്. ആയിരം താറാവുള്ള ഒരു കര്‍ഷകന് ദിവസേന അയ്യായിരം മുതൽ ആറായിരം രൂപ വരെയാണു ചെലവു വരിക. മുന്‍കാലങ്ങളിൻ പനച്ചോറായിരുന്നു താറാവുകള്‍ക്കു തീറ്റയായി നല്‍കിയിരുന്നതെങ്കില്‍ ഇപ്പോൾ അത് കിട്ടാനുമില്ല. കിട്ടിയാൽ തന്നെയും അവ കൊണ്ടു വരുന്നതിനും മറ്റും വൻ ചെലവും വരുന്നു.

അടുത്ത കാലം വരെ മില്ലുകളില്‍നിന്നും കിട്ടിയിരുന്ന ഉപയോഗശൂന്യമായ അരി കുറഞ്ഞ വിലയ്ക്കു ലഭ്യമായിരുന്നെങ്കിൽ ഇപ്പോൾ അതിനു ക്വിന്റലിനു 2,400 രൂപവരെയായി വില. ചെറു കക്ക, ചെമ്മീന്‍തോട്, ചെറു മീന്‍ ഇവയുടെയെല്ലാം വില വന്‍തോതിൽ കുതിച്ചുയര്‍ന്നു. കൂടാതെ രണ്ട് സഹായികള്‍ക്കുള്ള വേതനവും കൂടി നല്‍കേണ്ടി വരുമ്പോൾ താറാവുകൃഷിയുമായി മുന്നോട്ടുപോകാനാകാത്ത അവസ്ഥയാണെന്നും സജി പറയുന്നു. കൂടാതെ കൊയ്ത്തു പാടങ്ങളിൽ താറാവുകളെ ഇറക്കുന്നതിനായി നെല്‍കര്‍ഷകര്‍ക്കു പണവും നല്‍കേണ്ടി വരുന്നുണ്ട്. ക്ഷീര- നെല്‍കര്‍ഷകര്‍ക്കു സബ്‌സിഡിയും മറ്റു ആനുകൂല്യങ്ങളും കൊടുക്കുമ്പോള്‍ തങ്ങളെ കര്‍ഷകരായി പോലും പരിഗണിക്കുന്നില്ലെന്നാണ് ചെന്നിത്തലയിലെ താറാവ് കര്‍ഷകനായ റോയി മാത്യുവിന്റെ പരിദേവനം. എന്നാല്‍ താറാവുകൾക്ക് രോഗം വരുമ്പോൾ തങ്ങളുടെ വിഷയങ്ങൾ ചര്‍ച്ച ചെയ്യപ്പെടുന്നതൊഴിച്ചാൽ എവിടെ നിന്നും ഒരു ആനുകൂല്യവും ലഭിക്കുന്നുമില്ല. വര്‍ഷം തോറും ഉണ്ടാകുന്ന രോഗങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല. താറാവുകളെ ചികിത്സിക്കാനാവശ്യമായ ഡോക്ടര്‍മാരുമില്ല- നിസ്സഹായനായി പറയുന്നു.

കൊന്നൊടുക്കല്‍

“അഞ്ചും പത്തും താറാവുകളെ ജീവനോടെ ചാക്കിനുള്ളിലാക്കി തീയിലേക്ക് വലിച്ചെറിഞ്ഞു ചുട്ടുകൊല്ലുന്നതു കാണുമ്പോൾ നമ്മുടെ മനസ്സും പിടയ്ക്കും… ഈ മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത? ‘ എന്നാണു താറാവു കര്‍ഷകര്‍ക്കൊപ്പം സഹായിയായി തൊഴിലെടുന്ന ചെന്നിത്തല സാംകുട്ടി ചോദിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആരംഭിക്കുന്നതോടെ തുടങ്ങുന്ന പക്ഷിപ്പനി, പ്ലേഗ്, ഫംഗസ് തുടങ്ങി രോഗങ്ങള്‍ പടര്‍ന്നുപിടിച്ചു താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോൾ മുതൽ ഈ ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിനു പരിഹാരമില്ലേ?. രോഗം പടര്‍ന്നുപിടിക്കുന്നതിനു മുന്പേ പ്രതിരോധിക്കാനുള്ള ഒരു പ്രതിവിധിയുമില്ലേ എന്ന ചോദ്യം. എന്നാൽ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി കുട്ടനാട്ടിൽ മാത്രം രോഗബാധയേറ്റ 7,09,297 താറാവുകളെയാണ് കൊന്നൊടുക്കിയത്. ഈ വര്‍ഷം മാത്രം ഇതിനോടകം രോഗം ബാധിച്ച കുട്ടനാട്ടിലെ ചെറുതന, ഹരിപ്പാട്, വഴുതാനം, പള്ളിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ 15,867 താറാവുകളെയും കൊന്നുകഴിഞ്ഞു.

ചെറുതന പാണ്ടി പുത്തന്‍പുരയിൽ ചാക്കോ വര്‍ക്കിയുടെ 8,000ത്തിൽ മുന്നൂറോളം താറാവുകളും വഴുതാനം കുമ്പളത്ത് അച്ചന്‍കുഞ്ഞിന്റെ 7,669, നെടുമുടി ബെന്നി സേവ്യറിന്റെ 3,250 താറാവുകളും രോഗബാധയേറ്റു നഷ്ടമായവയില്‍പ്പെടും. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ തീറ്റതേടല്‍, രോഗബാധയേറ്റ ദേശാടനക്കിളികളുടെ വരവ്, തോടുകളിൽ കളനാശിനിയുടെയും കീടനാശിനിയുടെയും അംശങ്ങൾ ചേരുന്നതും രോഗം പെരുകാൻ കാരണമായിട്ടുണ്ട്.

തമിഴ്‌നാട്ടിലെ താറാവ്് വളര്‍ത്തൽ പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ നീരൊഴുക്ക് സുഗമമായിട്ടുള്ളതിനാൽ അവിടെ രോഗങ്ങള്‍ വളരെ കുറവാണ്. അവിടെ തീറ്റകള്‍ക്കും മറ്റും വിലക്കുറവുമുള്ളതിനാൽ കേരളത്തിനേക്കാൾ തമിഴ്‌നാട്ടിൽ താറാവ് വളര്‍ത്തൽ ലാഭകരമാണ്. എന്നാൽ ഗുണനിലവാരമുള്ള മുട്ട കേരളത്തിലേത് മാത്രമാണ്. കേരളത്തിൽ ചൂടുകാലത്ത് മുട്ടകൾ വന്‍തോതിൽ നശിക്കുന്നതും പ്രതിസന്ധിയാണെന്നു കര്‍ഷകർ പറയുന്നു.

കേരളത്തിനാവശ്യമുള്ള മുട്ട ഇപ്പോഴും ഇവിടെ ഉത്്പാദിപ്പിക്കുന്നില്ല. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ഗുണനിലവാരം കുറഞ്ഞ മുട്ട ഇറക്കുമതി ചെയ്യേണ്ടിവരുന്നു. അതേസമയം, രോഗബാധ തുടക്കത്തിലെ കണ്ടുപിടിക്കാനും പടര്‍ന്നുപിടിക്കാതിരിക്കാനുമുള്ള വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇവിടെയില്ലത്രെ. രോഗനിര്‍ണത്തിനായി പരിശോധനാ ലാബുകളും കുറവാണ്. രക്ത സാമ്പിളുകളും മറ്റും ഭോപ്പാലിലെ കേന്ദ്ര ലാബിൽ അയച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. അതിന്റെ ഫലം വരുമ്പോഴേക്കും കാലതാമസം നേരിടുന്നതു കാരണം വേണ്ടത്ര ചികിത്സ നല്‍കാനും കഴിയാറുമില്ല. താറാവുകൾക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്തതും കര്‍ഷകർക്ക് തിരിച്ചടിയാകാറുണ്ട്. ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങളിൽ ഇറച്ചിക്കായി വന്‍തോതിൽ താറാവുകളെ വിൽപ്പന നടത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറേ നാളുകളായി ഡിസംബർ മാസങ്ങളോടടുപ്പിച്ചു പക്ഷിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങൾ കണ്ടുവരുന്നതിനാൽ താറാവ് ഇറച്ചി ഉപയോഗിക്കുന്നവർ വലിയ തോതിൽ കുറഞ്ഞിട്ടുമുണ്ട്.

താറാവിറച്ചിയും മുട്ടയും മലയാളിയുടെ രുചി വൈവിധ്യങ്ങളിലെ പ്രധാന ഇനമാണ്. കൊയ്‌തൊഴിഞ്ഞ പാടങ്ങളിലൂടെ താറാവിന്‍കൂട്ടങ്ങൾ ഒഴുകിമറയുന്ന കാഴ്ച ചേതോഹരമായിരുന്നു. കണ്ണെത്താത്ത പാടങ്ങൾ ചുരുങ്ങിയപ്പോൾ അത്തരം കാഴ്ചകളും അസ്തമിച്ചു. ഇപ്പോൾ കൂട്ടത്തോടെ കൊന്നൊടുക്കുന്ന താറാവിൻ കൂട്ടങ്ങളുടെ കരളലിയിക്കുന്ന വാര്‍ത്തകളാണ് ഏറെയും. എന്നിട്ടും ലക്ഷ്യം കൈവിടാതെ താറാവ് കര്‍ഷകർ തങ്ങളുടെ പരമ്പരാഗതമായ തൊഴിലിൽ പ്രതീക്ഷയര്‍പ്പിച്ചു മുന്നോട്ടു പോകുന്നു.

ആലപ്പുഴ ചെന്നിത്തല, മാന്നാർ, പാവുക്കര പ്രദേശങ്ങളിലെ താറാവ് കർഷകരായ സാംകുട്ടി, സജി, മോനച്ചൻ, റോയി മാത്യു