Ongoing News
ഐ സി എഫ് യൂണിയൻ ദിനാഘോഷം പ്രൗഢമായി; ആയിരങ്ങൾ സംബന്ധിച്ചു
ഇടവേളക്ക് ശേഷം യു എ ഇയിൽ എത്തിയ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ അറബ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു
ദുബൈ | ഇമാറാത്തുകളുടെ ഐക്യപ്പിറവിക്ക് 52 ആണ്ടുകള്‍ പൂർത്തിയാവുന്നതിന്റെ ആഘോഷത്തിൽ ആയിരങ്ങൾ പങ്കാളികളായി. ദുബൈ അൽ വാസൽ ക്ലബ്ബിൽ വെള്ളിഴാഴ്‌ച നടന്ന യൂണിയൻ ദിനാഘോഷം യു എ ഇയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെയും അനേകലക്ഷം മനുഷ്യർക്ക് അഭയമായി വർത്തിക്കുന്ന യു എ ഇയോടുള്ള അവാച്യമായ കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറി.
ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ ചടങ്ങിൽ ജീവിതത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങളാണ് ഒരുമിച്ചു കൂടിയത്. ചടങ്ങിൽ ഇടവേളക്ക് ശേഷം യു എ ഇയിൽ എത്തിയ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ അറബ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആഗോള വ്യക്തിത്വമാണ് ലോക പണ്ഡിത സദസ്സിലെ അനുഗ്രഹീത നേതൃത്വവുമായി മാറിയ ശൈഖ് അബൂബക്കർ അഹ്മദ് എന്ന അതുല്യ വ്യക്തിത്വം നേടിയ അംഗീകാരം സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ ചടങ്ങ്.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെ മഹത്തായ വീക്ഷണത്തിലൂടെ രൂപീകൃതമായ യു എ ഇ ഇന്ന് ലോകത്തിന് മാതൃകയായി മാറിയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു. ദുബൈ അൽ വാസൽ ക്ലബ്ബ് ഓടിറ്റോറിയത്തിൽ ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപിച്ച 52മത് യൂണിയൻ ഡേ ദിനാഘോഷ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ യൂണിയൻ ഡേ ആഘോഷ വേളയിൽ ലോക രാഷ്ട്ര നേതാക്കളുടെ മഹത്തായ കാലാവസ്ഥാ ഉച്ചകോടിയുടെ സംഗമ വേദി ഒരുക്കിയതിലൂടെ ലോകത്തിനു നൽകുന്നത് പുതിയ ദിശാബോധവും പ്രചോദനവുമാണ്.
ശാസ്ത്രഗവേഷണത്തിനും പഠനത്തിനും ഇസ്‌ലാം നൽകുന്ന സംഭാവന മഹത്തരമാണ്. ജീവിതവ്യവഹാരങ്ങൾക്ക് അനുയോജ്യമായ ശാസ്ത്രീയ സംവിധാനവും ആശയവും വൈജ്ഞാനിക അറിവ് തലങ്ങളുമാണ് ഇസ്‌ലാമിക ജീവിതവ്യവസ്‌ഥിതിയാണ്. അല്ലാഹുവിന്റെ ദീൻ നിങ്ങൾ മുറുകെപ്പിടിക്കണം. നിങ്ങൾ ചിന്നഭിന്നമാകരുത് എന്നാണ് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത്. ആ ഐക്യം മുറുകെപ്പിടിച്ചാണ് യു എ ഇ മുന്നോട്ട് പോകുന്നത്. അത് നമുക്ക് മാതൃകയാണ്. ഇമാറാത്ത് മുന്നോട്ട് വെക്കുന്ന ആശയം പോലെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണം. അല്ലാഹുവിന് വണക്കത്തോടെയും അവനെ ഭയപ്പെട്ടുമാവണം നമ്മുടെ ജീവിതമെന്നും കാന്തപുരം പറഞ്ഞു.
കർണാടക സ്പീക്കർ യു ടി ഖാദർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായിരുന്നു. ശൈഖ് സയിദ് ബിന്‍ സുൽത്താൻ മുന്നോട്ട് വെച്ച വലിയ വിഷനും മാസ്റ്റർ പ്ലാനിംഗും യു എ ഇയുടെ വളർച്ചക്ക് അടിസ്ഥാനം നൽകിയെന്നും പിന്തുടർന്ന് ഭരണാധികാരികൾ അതേ പാത പിൻപറ്റുകയും വിദേശി സമൂഹത്തെ ഹൃദയ വിശാലതയോടെ സ്വീകരിച്ചുവെന്നും യൂസുഫലി പറഞ്ഞു.
അബ്ദുറഹ്മാൻ അബ്ദുല്ല ഹാജി ബനിയാസ് സ്പൈക്ക് അധ്യക്ഷനായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഐ സി എഫ് ഇന്റർനാഷണൽ പ്രസിഡന്റ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി കാടങ്കോട് പ്രസംഗിച്ചു. നിരവധി അറബ് പൗരപ്രമുഖര്‍, പ്രമുഖ പണ്ഡിതർ, സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന ‘വിശ്വാസപൂർവം’ എന്ന ആത്മകഥയുടെ കവർ പ്രകാശനം ചടങ്ങിൽ നടന്നു. എസ് എ ഫൗണ്ടേഷൻ ലോഞ്ചിങ്ങും നടന്നു. മമ്പാട് അബ്ദുൽ അസീസ് സഖാഫി സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.