Saudi Arabia
ബലിപെരുന്നാൾ നിസ്കാരത്തിന് ഇരുഹറമിലെയും ഇമാമുമാരെ നിശ്ചയിച്ചു
മക്കയിലെ മസ്‌ജിദുൽ ഹറമിൽ ശൈഖ് ഡോ. അബ്ദുല്ല ബിൻ അവാദ് അൽ ജുഹാനിയും പ്രവാചക നഗരിയായ മദീനയിലെ മസ്‌ജിദുന്നബവിയിൽ ശൈഖ് അബ്ദുൽ ബാരി തുബൈത്തിലും പെരുന്നാൾ നിസ്കാരത്തിനും നേതൃത്വം നൽകും.

മക്ക | ഇരുഹറമുകളിലും ഈ വർഷത്തെ ബലിപെരുന്നാൾ നിസ്കാരത്തിനും ഖുതുബക്കും ഇമാമുമാരെ നിശ്ചയിച്ചതായി ഇരു ഹറം കാര്യാ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മക്കയിലെ മസ്‌ജിദുൽ ഹറമിൽ ശൈഖ് ഡോ. അബ്ദുല്ല ബിൻ അവാദ് അൽ ജുഹാനിയും പ്രവാചക നഗരിയായ മദീനയിലെ മസ്‌ജിദുന്നബവിയിൽ ശൈഖ് അബ്ദുൽ ബാരി തുബൈത്തിലും പെരുന്നാൾ നിസ്കാരത്തിനും നേതൃത്വം നൽകും.
ഹാജിമാരുടെ വരവ് വർധിച്ചതോടെ തിരക്ക് ഒഴിവാകുന്നതിന്നായി മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി അഞ്ച് കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ഹോളി ക്യാപിറ്റൽ ഫോർ ഓപറേഷൻ ആൻഡ് മെയിന്റനൻസ് ഡെപ്യൂട്ടി മേയർ എൻജിനീയർ ഹസ്സ ബിൻ ഫൈസൽ അൽ ശരീഫ് പറഞ്ഞു.
മക്കയുടെ പുറത്ത് നിന്നും വരുന്നവർ വാഹനങ്ങള്‍ പ്രവേശന കവാടങ്ങളിൽ പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യണം. അവിടെ നിന്ന് മക്കയിലേക്ക് ഷട്ടില്‍ സര്‍വീസ് ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓപറേഷൻ, മെയിന്റനൻസ്, എക്യുപ്‌മെന്റ് ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് മക്ക സിറ്റി മുനിസിപ്പാലിറ്റി അഞ്ച് പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കിയത്.