Connect with us

adgp s sreejith

എ ഡി ജി പി ശ്രീജിത്തിനെ അടിയന്തരമായി മാറ്റിയത് ആഭ്യന്തര വകുപ്പിന് മായ്ക്കാൻ കഴിയാത്ത നാണക്കേട്

'മുഖ്യമന്ത്രിയുടെ തെറ്റായ നടപടിയെ വെള്ളപൂശുന്ന നിലയിലാണ് പ്രതികരണ വിദഗ്ധരായ രാഷ്ട്രീയക്കാർ കാണിക്കുന്ന കാപട്യം.'

Published

|

Last Updated

ടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായതെന്നും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ട അന്വേഷണ സംഘത്തിന്റെ മനോവീര്യം അത്ര മാത്രം തകർത്ത സംഭവമാണിതെന്നും കെ പി സി സി മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഒളിച്ചു വെക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കുമറിയാം. ആരെ കബളിപ്പിക്കാനാണ് ഈ കള്ളക്കളിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. മുഖ്യമന്ത്രിയുടെ തെറ്റായ നടപടിയെ വെള്ള പൂശുന്ന നിലയിലാണ് പ്രതികരണ വിദഗ്ധരായ രാഷ്ട്രീയക്കാർ കാണിക്കുന്ന കാപട്യം. നടിയെ പീഡിപ്പിച്ച സംഭവത്തിൽ യഥാർഥ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരാൻ കഴിയാതെ പോയാൽ കുറ്റാന്വേഷണ ചരിത്രത്തിലെ കറുത്ത പാടായി എന്നും അത് അവശേഷിക്കും. അതിജീവിതക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൈകോർത്ത് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ ഒരു കുറ്റവും ഇവിടെ തെളിയിക്കപ്പെടുകയില്ലെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ശ്രീജിത്തിനെ മാററിയത് കേസ് അട്ടിമറിക്കാനോ ?

– മുല്ലപ്പള്ളി രാമചന്ദ്രൻ
പിന്നിട്ട ആറു വർഷത്തെ ഭരണ പരാജയം നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ, ഭരണ തകർച്ചയുടെ ദയനീയ ചിത്രം പ്രത്യക്ഷത്തിൽ കാണാൻ കഴിയുക ആഭ്യന്തര വകുപ്പിലാണ്. കേരളത്തിലെ പോലീസ് സംവിധാനത്തെ കുറിച്ച് അഭിമാനത്തോടെ എല്ലാ വേദികളിലും പറയാറുള്ള എനിക്ക് ലജ്ജ തോന്നുകയാണ്. ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതാരാണ്? ദീർഘ വർഷക്കാലമായി കേരളത്തിൽ സേവനമനുഷ്ടിച്ച ഇന്ത്യൻ പോലീസ് സർവീസിലെ പ്രഗത്ഭരായ പലരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആർക്കു വേണ്ടിയെങ്കിലും ശുപാർശ പറയാനോ അവിഹിതമായി എന്തെങ്കിലും ചെയ്യണമെന്ന് സമ്മർദ്ദം ചെലുത്താനോ ആ ബന്ധം ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന ആത്മ സംതൃപ്തിയുടെ ധിക്കാരത്തോടെയാണ് ഇത് കുറിക്കുന്നത്.

നിയമ സമാധാനം ഉറപ്പു വരുത്താനും കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരാനും അവർ കാണിച്ച ജാഗ്രത! കുറ്റം കണ്ടെത്തുന്നതിലും അത് തടയുന്നതിലും ഇൻ്റലിജൻസ് സംവിധാനം എത്ര മാത്രം കാര്യക്ഷമമായിരുന്നു. ഐ.പി.എസ്. എന്ന മൂന്നക്ഷരത്തിന്റെ ഗരിമയും അന്തസ്സും തിരിച്ചറിഞ്ഞവരായിരുന്നു അവരൊക്കെ. പക്ഷെ ഇന്നത്തെ പല ഐ.പി.എസ്. ഉദ്യോഗസ്ഥന്മാരും അവരുടെ നിഴലുപോലുമല്ലെന്നതിൽ കടുത്ത പ്രയാസം തോന്നുകയാണ്. സ്ഥാപിത താൽപര്യക്കാരുടെ വീട്ടുപടിക്കൽ പോലീസ് യൂനിഫോം ഊരി വെച്ച് ഓഛാനിച്ചു നിന്നവരല്ല അവരൊക്കെ.

കേരളത്തിലെ പോലീസിന്റെ ദുരവസ്ഥ കണ്ടപ്പോൾ പറയാൻ നിർബ്ബന്ധിതനാവുകയാണ്. പുരാവസ്തു തട്ടിപ്പുകാരന്റെ വസതിയിൽ നിത്യ സന്ദർശകരായ, നിശാ ക്ലബുകളിൽ ആനന്ദ നടനമാടുന്ന, അവിഹിത സമ്പാദ്യക്കാരുടെ ആതിഥ്യവും പാരിതോഷികവും കൈപ്പറ്റുന്ന ഐ.പി.എസ്. ഉന്നതന്മാരെ കണ്ട് കേരളം നാണിക്കുകയാണ്. സത്യസന്ധരും നീതിമാന്മാരുമായ ഉദ്യോഗസ്ഥന്മാർ സിംഹവാലൻ കുരങ്ങുകളെപ്പൊലെ വംശനാശം നേരിടുകയാണ്. തലപ്പത്തിരിക്കുന്ന സീനിയർ ഉദ്യോഗസ്ഥന്മാരിൽ മാതൃകകൾ എന്ന് പറയാൻ എത്ര പേരുണ്ടെന്ന് ജൂനിയർ ഐ.പി.എസുകാർ നെഞ്ചിൽ കൈ തൊട്ടു പറയട്ടെ. പരിമിതമാണ് അവരുടെ സംഖ്യ. വല്ലാത്തൊരു ഗതികേടിലാണ് നാം എത്തിയിട്ടുള്ളത്.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയ്ക്ക് പോലീസിലെന്ത് നടക്കുന്നുവെന്നറിയില്ല. അപകർഷതാ ബോധത്തിന്റെ തടവുകാരനായ മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാനും പോലീസ് ഭരണം കാര്യക്ഷമമായി കൊണ്ടുപോകാനും കഴിയുകയില്ല. കേരള പോലീസ് പഴുതുകളടച്ച് അന്വേഷിക്കുന്നുവെന്ന് പറഞ്ഞ ഒരു പ്രമാദമായ കൊലക്കേസ്സിലെ പ്രതി , ദിവസങ്ങളായി മുഖ്യമന്ത്രിയുടെ വീടിന്റെ വിളിപ്പാടകലെ സുരക്ഷിത നായി താമസിച്ചു എന്നതിനർത്ഥമെന്താണ് ? ഇന്റലിജൻസ് സംവിധാനത്തിന്റെ ഞെട്ടിപ്പിക്കുന്ന ഇന്നത്തെ അവസ്ഥയുടെ നേർചിത്രമാണ് പിണറായിൽ കണ്ടത് – Shame on you, Chief Minister

അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് പോലീസിൽ അഴിച്ചു പണി നടത്തുകയും ആഭ്യന്തര വകുപ്പിൽ ഒരു പാർട്ടി സഖാവിനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്ത ശേഷമാണ് മുഖ്യ മന്ത്രിയുടെ യാത്ര. ഉന്നതന്റെ ഭരണ പരിഷ്കാരമാണത്രെ ഈ അഴിച്ചു പണി. ക്രൈം ബ്രാഞ്ച്, വിജിലൻസ് വിഭാഗം മേധാവികളുടെ പെട്ടന്നുള്ള സ്ഥാനചലനമാണ് പൊതു ചർച്ചക്കിടയാക്കിയത്.

ക്രൈം ബ്രാഞ്ച് തലപ്പത്ത് നിന്ന് എ.ഡി.ജി.പി. എസ്സ് ശ്രീജിത്തിനെ അടിയന്തിരമായി മാറ്റിയത് ആഭ്യന്തര വകുപ്പിന് മായ്ക്കാൻ കഴിയാത്ത നാണക്കേട് വരുത്തിയിരിക്കുന്നു. ഏതെങ്കിലും ഐ.പി.എസ്സ്. ഉദ്യോഗസ്ഥന്റെ നാളിതു വരെയുള്ള പ്രവർത്തനത്തിന്റെ സാക്ഷിപത്രമെഴുതുകയല്ല എന്റെ ഉദ്ദേശ്യം – പക്ഷെ എ.ഡി.ജി.പി. എസ്സ് ശ്രീജിത്ത്, സിനിമാ നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം സമൂഹത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചു പറ്റുന്ന നിലയിലാണ് നടത്തിയത്. അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനം. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ട അന്വേഷണ സംഘത്തിന്റെ മനോവീര്യം അത്ര മാത്രം തകർത്ത സംഭവമാണിത്.

ഒളിച്ചു വെക്കാൻ ഒരു പാട് കാര്യങ്ങളുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കുമറിയാം . ആരെ കബളിപ്പിക്കാനാണ് ഈ കള്ളക്കളിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.

മുഖ്യമന്ത്രിയുടെ തെറ്റായ നടപടിയെ വെള്ള പൂശുന്ന നിലയിലാണ് പ്രതികരണ വിദഗ്ധരായ രാഷ്ട്രീയക്കാർ കാണിക്കുന്ന കാപട്യം. നടിയെ പീഡിപ്പിച്ച സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരാൻ കഴിയാതെ പോയാൽ കുറ്റാന്വേഷണ ചരിത്രത്തിലെ കറുത്ത പാടായി എന്നും അത് അവശേഷിക്കും.
അതിജീവിതക്കു നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൈകോർത്ത് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ ഒരു കുറ്റവും ഇവിടെ തെളിയിക്കപ്പെടുകയില്ല.
മന:സാക്ഷിയുള്ളവരേ, സിനിമാ നടിയെ പീഡിപ്പിച്ച സംഭവത്തിന് ഉത്തരവാദി കളെല്ലാം ഈ സമൂഹത്തിന്റെ കടുത്ത ശത്രുക്കളാണെന്ന് തിരിച്ചറിയുക.

മുഖ്യമന്ത്രിയോട് ഒരു വാക്ക് കൂടി. കണ്ണുരുട്ടിയാൽ, അൽപ ബുദ്ധികളായ പാവം, പാർട്ടി സഖാക്കൾ പേടിക്കും. പക്ഷെ കേരളീയ പൊതു സമൂഹം താങ്കളുടെ അഹന്തയും ധാർഷ്ട്യവും അംഗീകരിക്കില്ലെന്ന് താങ്കൾ തിരിച്ചറിയുക.

Latest