Connect with us

Uae

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം : ഐ സി എഫ്

അതേസമയം 2018 നെ അപേക്ഷിച്ച് 2023-ല്‍ കേരളത്തില്‍ വന്ന പ്രവാസി പണത്തില്‍ 154 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്

Published

|

Last Updated

അബുദബി |  എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളില്‍ നടക്കുന്ന യൂണിറ്റ് സമ്മേളനത്തിന്റെ പ്രമേയമായ ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന പ്രമേയത്തില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദി തുറക്കുകയാണെന്ന് ഐ സി എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 7, 8, 9, 10 തീയ്യതികളിലാണ് സമ്മേളനങ്ങള്‍ നടക്കുക. കുടിയേറ്റം സാമ്പത്തിക രംഗങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ നിരന്തരം പരാമര്‍ശിക്കപ്പെടാറുണ്ട്. വിദേശ പണത്തിന്റെ വരവ് ബേങ്ക് വഴിയാകുമ്പോള്‍ അതിന് ഏകദേശ കൃത്യത ഉണ്ടാവും. അതേസമയം സാമൂഹ്യ മേഖലകളില്‍ പ്രവാസം ഏതൊക്കെ രീതിയില്‍ പ്രതിഫലിക്കപ്പെട്ടുവെന്ന് ഗവേഷണം ചെയ്യപ്പെണ്ടതാണ്. ഇന്ത്യയിലെ രണ്ടു കോടിയോളം പൗരന്മാര്‍ ജോലി തേടി ലോകത്തിലെ 181 രാജ്യത്ത് ജീവിക്കുന്നുവെന്നാണ് കണക്ക്. 2023 ലെ കേരള മൈഗ്രേഷന്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് പ്രകാരം 21.54 ലക്ഷം മലയാളികള്‍ പ്രവാസികളാണ്. ഇത് എത്രമാത്രം വസ്തുതാപരമാണ് എന്നത് മറ്റൊരു കാര്യം.

അതേസമയം 2018 നെ അപേക്ഷിച്ച് 2023-ല്‍ കേരളത്തില്‍ വന്ന പ്രവാസി പണത്തില്‍ 154 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. അതായത് 2018-ല്‍ 85092 കോടി രൂപയാണ് കേരളത്തിലെത്തിയെങ്കില്‍ 2023 -ല്‍ അത് 2.16 ലക്ഷം കോടിയായി ഉയര്‍ന്നു. ലോക ബോങ്കിന്റെ കണക്ക് പ്രകാരം 2023 -ല്‍ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയക്കല്‍ 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി വലിയ സംഭാവന നല്‍കുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നല്കുന്നുവെന്നത് ചിന്തിക്കേണ്ടതുണ്ട്. ഒരു പ്രവാസിയും പൊതു ഇടങ്ങളിലെ പ്രതിനിധിയല്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് പുറത്താണ് അവര്‍. റേഷന്‍ കാര്‍ഡില്‍ നിന്ന് പേരുകള്‍ ഒഴിവാക്കപ്പെട്ടവരായി, വേരറുക്കപ്പെടുന്ന സമൂഹമായി മാറുന്നത് രാജ്യത്തെ അസ്വസ്ഥപ്പെടുത്തേണ്ടതാണ്. ഗള്‍ഫ് പ്രവാസത്തിലൂടെ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ചിട്ടും, അതേക്കുറിച്ചുള്ള ആവിഷ്‌കാരങ്ങളില്‍ ആ തോതിലുള്ള പങ്കുവെക്കലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നും നമ്മള്‍ ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഈയിടെ വന്ന ഒരു സിനിമയില്‍ ഒറ്റപ്പെട്ട ഏതോ സംഭവങ്ങളെ സാമാന്യവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. കഥാവിഷ്‌കാരം എന്ന നിലയില്‍ മാത്രം അത്തരം ശ്രമങ്ങളെ കണ്ടുകൂട. പ്രവാസ ലോകത്തിന്റെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ സമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ കൊണ്ടുവരാനാണ് ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന പ്രമേയത്തിലൂടെ ശ്രമിക്കുന്നത് എന്നും ഭാരവാഹികള്‍ പറഞ്ഞു. അതോടൊപ്പം വരണ്ടുപരന്നു കിടന്ന മരുഭൂമിയില്‍ ഇന്നു കാണുന്ന വികസന മുന്നേറ്റത്തില്‍ പ്രവാസികളുടെ വലിയ സംഭാവനകളെയും ഉയര്‍ത്തിക്കാട്ടും. പുറപ്പെട്ടു വന്ന ദേശവും പുറപ്പെട്ടെത്തിയ ദേശവും ഒരു പോലെ നിര്‍മിച്ച സമൂഹമെന്ന നിലയില്‍ പ്രവാസികള്‍ അടയാളപ്പെടുത്തണമെന്ന ആശയമാണ് പ്രമേയം മുന്നോട്ട് വെക്കുന്നത്. യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നിരവധി സംരംഭങ്ങള്‍ക്കും തുടക്കമിടുന്നുണ്ട്. ആരായിരിക്കും ആദ്യത്തെ ഗള്‍ഫ് പ്രവാസി മലയാളി എന്ന കൗതുകകരമായ അന്വേഷണം അതിലൊന്നാണ്. 1950 കളില്‍ പ്രവാസം നടത്തിയവരെക്കുറിച്ചുള്ള ഈ അന്വേഷണം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധി പ്രതികരണങ്ങള്‍ ഇതിന് ലഭിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തും. ‘സ്പര്‍ശം’ എന്ന പേരിലുള്ള പദ്ധതിയില്‍ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്കകത്ത് നിന്ന് കൊണ്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടക്കും. ഹോസ്പിറ്റലില്‍ രോഗി സന്ദര്‍ശനം, സഹായം, ജയില്‍ സന്ദര്‍ശനം, ക്‌ളീനപ്പ് കാമ്പയിന്‍, രക്ത ദാനം, രക്ത ഗ്രൂപ്പ് നിര്‍ണയം, മെഡിക്കല്‍ ക്യാമ്പ്, എംബസി, പാസ്‌പോര്‍ട്ട്, ഇഖാമ മാര്‍ഗനിര്‍ദേശം, നോര്‍ക്ക സേവനങ്ങള്‍, നാട്ടില്‍ പോകാനാകാത്തവര്‍ക്ക് എയര്‍ ടിക്കറ്റ്, ജോലിയില്ലാതെയും മറ്റും സാമ്പത്തികമായി തകര്‍ന്നവര്‍ക്ക് ഭക്ഷണം, മുറി വാടക എന്നിവ നല്‍കല്‍, നാട്ടില്‍ കിണര്‍, വീട്, വിവാഹ, ഉപരി പഠന സഹായം, രോഗികള്‍ക്ക് പ്രത്യേകിച്ച് ഡയാലിസിസ്, കിഡ്‌നി, ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

സമ്മേളനത്തിന്റെ സ്മാരകമായി ‘രിഫായി കെയര്‍’ എന്ന പേരില്‍ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാന്‍ ആവശ്യമായ ബോധവല്‍ക്കരണവും ചികിത്സക്കും പരിചരണത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തെരെഞ്ഞെടുത്ത ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പദ്ധതി. മാസത്തില്‍ 2,500 ഇന്ത്യന്‍ രൂപ വീതം ഒരു വര്‍ഷം 30,000 രൂപ നല്‍കുന്ന ഈ പദ്ധതിയില്‍ ഐ സി എഫ് ഘടകങ്ങള്‍ മൂന്ന് കോടി രൂപ വിനിയോഗിക്കും. സംഘടനയുടെ നേതൃത്വത്തില്‍ ഗള്‍ഫ് മേഖലയില്‍ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായനയുടെ പത്താം വര്‍ഷത്തെ കാമ്പയിനും ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മുസ്തഫ ദാരിമി കടാങ്കോട് – (ഐ.സി.എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റ്) ഹമീദ് പരപ്പ – (ഐ.സി.എഫ്. യു എ ഇ നാഷണല്‍ ജനറല്‍ സെക്രട്ടറി) ഉസ്മാന്‍ സഖാഫി തിരുവത്ര (ഐ.സി.എഫ് യു എ ഇ ഓര്‍ഗനൈസേഷന്‍ സെല്‍ പ്രസിഡന്റ്) അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍ (ഐ.സി.എഫ് യു എ ഇ ഓര്‍ഗനൈസേഷന്‍ സെല്‍ സെക്രട്ടറി) ഹംസ അഹ്സനി (ഐ.സി.എഫ് അബുദാബി സെന്‍ട്രല്‍ പ്രസിഡന്റ്) എന്നിവര്‍
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest