Kerala
മേല്‍പ്പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ താഴേക്ക് പതിച്ച് യുവതി മരിച്ച സംഭവം;സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സിനിക്കെതിരെ കേസെടുത്തു
ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം| ദേശീയ പാതയില്‍ മേല്‍പ്പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ താഴേക്ക് പതിച്ച് യുവതി മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. സ്കൂട്ടർ ഓടിച്ച സഹോദരി സിനിക്കെതിരെയാണ് പേട്ട പോലീസ് കേസെടുത്തത്. ആനയറയ്ക്ക് സമീപം വെണ്‍പാലവട്ടത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ സിനിയുടെ സഹോദരി സിമി (35) ആണ് മരിച്ചത്.
അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി. ദീര്‍ഘദൂര യാത്രയായിരുന്നു ഇതെന്ന് സിനിയുടെ മൊഴിയില്‍ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ വെള്ളാര്‍ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തത്. മഴക്ക് മുമ്പ് വീട്ടിലെത്താന്‍ അമിത വേഗത്തിലാണ് വാഹനമോടിച്ചത്. പെട്ടെന്ന് ക്ഷീണം തോന്നുകയും കണ്ണുകളടഞ്ഞ് പോകുകയും ചെയ്തു. ആ സമയത്താണ് നിയന്ത്രണം വിട്ട് വാഹനം കൈവരിയിലിടിച്ചതെന്നാണ് ഇവരില്‍ നിന്നും പോലീസിന് ലഭിച്ച പ്രാഥമിക മൊഴി.
അപകടമുണ്ടായ ഉടന്‍ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും സിമിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ സിനിയും സിമിയുടെ മൂന്നു വയസുള്ള മകള്‍ ശിവന്യയും ചികിത്സയില്‍ തുടരുകയാണ്. സിമിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തി നും ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഇവര്‍ മേല്‍പാലത്തില്‍ നിന്ന് തെറിച്ച് വീഴുന്ന ഭിതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.