Connect with us

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം: കൃഷിയിടം സന്ദര്‍ശിച്ച് മന്ത്രി

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കും. കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന തോമസിന്റെ ആവശ്യം പരിഗണിക്കും.

Published

|

Last Updated

കൊച്ചി | മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കെ എസ് ഇ ബിക്കാര്‍ കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ച കൃഷിയിടത്തില്‍ കൃഷി വകുപ്പു മന്ത്രി പി പ്രസാദ് സന്ദര്‍നം നടത്തി. കര്‍ഷകന്‍ തോമസിനെയും മന്ത്രി സന്ദര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാഴകൃഷി നശിപ്പിച്ചതില്‍ കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന തോമസിന്റെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.

ഇന്ന് രാവിലെ എട്ടോടെയാണ് കൃഷി മന്ത്രി വാരപ്പെട്ടിയിലുള്ള തോമസിന്റെ കൃഷിയിടത്തില്‍ എത്തിയത്. വൈദ്യുതി ലൈന്‍ താഴ്ന്നു കിടക്കുന്നതിനാലാണ് കര്‍ഷകന്റെ വാഴകള്‍ അതില്‍ തട്ടിയതെന്ന് പ്രദേശത്തുകാര്‍ മന്ത്രിയോടു പറഞ്ഞു. ഇത് വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കും. താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈനുകള്‍ക്കു കീഴെ എന്ത് കൃഷി ചെയ്യുമെന്ന കാര്യത്തില്‍ കര്‍ഷകന് വ്യക്തമായ പരിശീലനം ലഭിക്കുന്നില്ലെന്നും മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ വലിയ നഷ്ടം ഉണ്ടാക്കുന്നുവെന്നും അവര്‍ കൃഷി മന്ത്രിയെ ബോധിപ്പിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ലൈനുകള്‍ താഴ്ന്നു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്റെ 406 വാഴകളാണ് വാഴയില തട്ടി ലൈന്‍ തകരാറായെന്ന കാരണം പറഞ്ഞ് കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്. മൂന്നര ലക്ഷം രൂപയാണ് വാഴകള്‍ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

Latest