Kerala
വയനാട്ടില്‍ ആദിവാസികളുടെ കുടില്‍ പൊളിച്ചു മാറ്റിയ സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
മാനന്തവാടി ഡിഎഫ്ഒയും വയനാട് കളക്ടറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കി.
വയനാട്| വയനാട്ടില്‍ വന്യജീവി സങ്കേതത്തില്‍പെട്ട കൊല്ലി മൂലയിലെ ആദിവാസികളുടെ കുടില്‍ പൊളിച്ചു മാറ്റിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാനന്തവാടി ഡിഎഫ്ഒയും വയനാട് കളക്ടറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത ഉത്തരവിറക്കിയത്.
കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ടി കൃഷ്ണന് സംഭവിച്ചത് ഗുരുത വീഴ്ച്ചയുണ്ടായെന്ന് ചീഫ് വൈഡ് ലൈഫ് വാര്‍ഡന്റ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കൊല്ലിമൂല പണിയ ഊരിലാണ് വനം വകുപ്പ് അധികൃതര്‍ ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചു മാറ്റിയത്. അനധികൃതമെന്ന് ആരോപിച്ച് 16 വര്‍ഷമായി മൂന്ന് കുടുംബങ്ങള്‍ കഴിയുന്ന കുടിലുകള്‍ പൊളിച്ചു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന് പിന്നാലെ ഭക്ഷണം പോലും കഴിക്കാനാകാതെ കുഞ്ഞുങ്ങളടക്കം രാത്രി കഴിച്ചുകൂട്ടിയത് ആനയിറങ്ങുന്ന മേഖലയിലായിരുന്നു. പഞ്ചായത്തില്‍ വീട് ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് വനം വകുപ്പിന്റെ നടപടി.
മറ്റൊരു താമസസ്ഥലം ഏര്‍പ്പെടുത്താതെയാണ് കുടിലുകള്‍ പൊളിച്ചതെന്ന് ആദിവാസികള്‍ പറഞ്ഞു. വിഷയത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതെന്നും ടി സിദ്ദിഖ് പ്രതികരിച്ചു. വേറെ താമസിക്കാനുള്ള സൗകര്യം നല്‍കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിഞ്ഞത് ക്രൂരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തിന് പിന്നാലെ ഗര്‍ഭിണിയും കുട്ടികളും അടക്കം ആദിവാസികള്‍ വനം വകുപ്പ് ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ ആദിവാസികളെ വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി. ഏറെ നേരം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് നടപടി. വീട് പണി പൂര്‍ത്തിയാകുന്നത് വരേ മൂന്നു കുടുംബങ്ങളെയും വാടകയില്ലാതെ ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.