Connect with us

Kerala

പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്.

Published

|

Last Updated

കോഴിക്കോട് | കെഎസ്ഇബി  ഒാഫീസ് ആക്രമിച്ച പ്രതികളുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന്‍  കേസെടുത്തു. സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ് നല്‍കിയത്.

കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച്  അജ്മലിന്റെ മാതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കുടുംബത്തിന് നേരെ മനുഷ്യാവകാശ ലംഘനം ആണെന്ന് അരോപിച്ച് നാട്ടുകാരും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.

തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. ഇതിന് പിന്നാലെ കെഎസ്ഇബി നടപടിക്കെതിരെ പ്രതിഷേധവുമായി അജ്മലിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി.തിരുവമ്പാടി കെഎസ്ഇബി ഓഫീസിന് മുന്നില്‍ മെഴുകുതിരി കത്തിച്ചാണ് അജ്മലിന്റെ പിതാവ് റസാഖും മാതാവും പ്രതിഷേധിച്ചത്. ഇതിനിടെ അജ്മലിന്റെ പിതാവ് റസാഖ് കുഴഞ്ഞു വീണു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ കഴിഞ്ഞ ദിവസമാണ് വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. പിന്നീട് ബില്‍ അടച്ചതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

Latest