Kerala
ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; അധികൃതർ നടപടി പാലിച്ചില്ലെങ്കിൽ ഇടപെടും: ഗവര്‍ണര്‍
വിദ്യാര്‍ഥിക്ക് നേരെ ഉണ്ടായത് ക്രൂരമര്‍ദനമാണെന്നും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയാത്തതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
തിരുവനന്തപുരം| തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷി വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ഥിക്ക് നേരെ ഉണ്ടായത് ക്രൂരമര്‍ദനമാണെന്നും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയാത്തതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംഭവത്തില്‍ കോളജിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അല്ലാത്തപക്ഷം താന്‍ ഇടപെടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.കോളജ് അധികൃതര്‍ അടിയന്തരമായി വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ പൂവച്ചല്‍ സ്വദേശിയായ മുഹമ്മദ് അനസിനെ എസ്എഫ്‌ഐക്കാര്‍ യൂണിറ്റ് മുറിയില്‍ തടഞ്ഞുവെച്ചു മര്‍ദ്ദിച്ചെന്നാണ് പരാതി.തലയ്ക്കും ശരീരത്തിലും വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.വൈകല്യമുള്ള കാലില്‍ ഉള്‍പ്പടെ ചവിട്ടിയെന്നും തലയില്‍ കമ്പ് കൊണ്ട് അടിച്ചെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്.കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി അനസിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ എസ്എഫ്ഐ നേതൃത്വം നടപടിയെടുത്തിട്ടില്ല.