Kerala
കട്ടിപ്പാറയില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കും
റിപ്പോര്‍ട്ട് വന്നശേഷം സംഭവത്തില്‍ പ്രതികരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

താമരശ്ശേരി| കോഴിക്കോട് കട്ടിപ്പാറയില്‍ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. റിപ്പോര്‍ട്ട് വന്നശേഷം സംഭവത്തില്‍ പ്രതികരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അലീനയുടെ സംസ്‌കാരം ഇന്ന് നടക്കും.
അലീനയുടെ മരണത്തില്‍ ഗുരുതര ആരോപണം ഉയര്‍ത്തി കുടുംബം രംഗത്തെത്തി. അലീന മരിച്ചതിന് ശേഷം മാനേജ്മെന്റ് പ്രതിനിധികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. നൂറു രൂപ പോലും ഇതു വരെ മകള്‍ക്ക് ശമ്പളമായി നല്‍കിയില്ലെന്നും തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും പിതാവ് ബെന്നി പറഞ്ഞു. ഇന്നലെയാണ് കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപികയായ അലീന ബെന്നി വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് അലീന ജോലി ചെയ്യുന്നത്. താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളാണ് കോടഞ്ചേരി സെന്റ് ജോസഫ്.
ജോലിക്കായി ആറുവര്‍ഷം മുമ്പ് 13 ലക്ഷം രൂപ നല്‍കിയിരുന്നതായി കുടുംബം പറഞ്ഞു. അഞ്ച് വര്‍ഷമായിട്ടും ജോലി സ്ഥിരപ്പെടുത്താന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. കട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവില്‍ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചു.ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചിരുന്നു.
അതേസമയം അലീനയുടെ പിതാവിന്റെ ആരോപണം പൂര്‍ണ്ണമായും തള്ളികളയുന്ന പത്രക്കുറിപ്പാണ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് മലബാര്‍ മേഖല കമ്മറ്റിയുടേത്. അലീനയ്ക്ക് നല്‍കിയത് സ്ഥിരം നിയമനമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിശദീകരണം തള്ളിയ ബെന്നി, മാനേജ്മെന്റിന്റെ വീഴ്ചയ്ക്ക് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും പുറത്തുവിടുമെന്നും പറഞ്ഞു. സംഭവത്തില്‍ താമരശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു