National
വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി സംഘടനകള്‍
ഡോക്ടര്‍മാരുടെ സുരക്ഷ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ എം എ അടക്കം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ്.
ന്യൂഡല്‍ഹി | കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ഡോക്ടര്‍മാരുടെ സുരക്ഷ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ് ഐ എം എ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍.
ആശുപത്രികള്‍ സേഫ് സോണുകള്‍ ആയി പ്രഖ്യാപിക്കുക, ആശുപത്രി ജീവനക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം കൊണ്ടുവരിക, ആശുപത്രിയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുക തുടങ്ങിയവയാണ് സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധിക്കും. നാളെ രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ പ്രതിഷേധിക്കാന്‍ ഐ എം എ ആഹ്വാനം ചെയ്തിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയോട് പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് കരിദിനാചരണം
സംഭവത്തില്‍ ശക്തവും നീതിയുക്തവുമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കും. പി ജി റസിഡന്റ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സമരത്തില്‍ പങ്കുചേരും. ഒ പിയും വാര്‍ഡ് ഡ്യൂട്ടിയും പൂര്‍ണമായി ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കെ ജി എം ഒ എ അറിയിച്ചു. സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഈ മാസം 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷാ കാമ്പയിന്‍ നടത്തുമെന്നും കെ ജി എം ഒ എ അറിയിച്ചു.
അതിനിടെ, ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെയും അഞ്ച് ഉദ്യോഗസ്ഥരെയും കേസ് ഏറ്റെടുത്ത സി ബി ഐ ചോദ്യം ചെയ്തു.