Connect with us

Kerala

ആമയിഴഞ്ചാന്‍ തോട്ടില്‍ തൊഴിലാളിയെ കാണാതായ സംഭവം; പതിനൊന്ന് മണിക്കൂര്‍ പിന്നിട്ട് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം രാത്രിയും തുടരും

ടണലില്‍ 30 മീറ്ററോളം അകത്തേക്ക് പോയെങ്കിലും ഫലമുണ്ടായില്ലെന്നാണ് സ്‌കൂബാസംഘാംഗം പറയുന്നത്.

Published

|

Last Updated

തിരുവനന്തപുരം | തോട് വൃത്തിയാക്കാനിറങ്ങിയ കോര്‍പറേഷന്‍ തൊഴിലാളി ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തിരച്ചില്‍ മണിക്കൂറുകള്‍ പിന്നിടുന്നു. മാലിന്യം നിറഞ്ഞ തോട്ടില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്.രാത്രിയിലും തിരച്ചില്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതിനായി ലൈറ്റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ പ്രദേശത്ത് സജ്ജീകരിച്ചു.

വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മാലിന്യത്തിന്റെ വലിയ കൂമ്പാരമാണ് തിരിച്ചലിന് പ്രതിസന്ധി സൃഷ്ടിച്ചത്. 180 മീറ്റര്‍ നീളമുള്ള തുരങ്കസമാനമായ ഭാഗത്ത് മാലിന്യം നിറഞ്ഞിരിക്കുന്നതും വെളിച്ചമില്ലാത്തതുമാണ് പ്രധാന വെല്ലുവിളി .ടണലിനകത്ത് മുഴുവന്‍ ഇരുട്ടാണ്.ടണലില്‍ 30 മീറ്ററോളം അകത്തേക്ക് പോയെങ്കിലും ഫലമുണ്ടായില്ലെന്നാണ് സ്‌കൂബാസംഘാംഗം പറയുന്നത്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തിരുവനന്തപുരം കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരന്‍ മാരായിമുട്ടം സ്വദേശി ജോയ് (42)യെയാണ് കാണാതായത്. റെയില്‍വേയുടെ നിര്‍ദേശാനുസരണമാണ് തോട് വൃത്തിയാക്കല്‍ നടന്നത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുന്ന ഭാഗമാണിത്.

റെയില്‍വെ ലൈനിന് അടിയില്‍ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല. ടണലിന്റെ രൂപത്തിലാണ് തുടര്‍ന്നുളള ഭാഗങ്ങള്‍. ഇവിടെ വൃത്തിയാക്കാന്‍ നാല് പേരാണ് ഉണ്ടായിരുന്നത്. ജോയിക്ക് ഒഴുക്കില്‍പ്പെട്ടപ്പോള്‍ കയറിട്ടു കൊടുത്തെങ്കിലും അതില്‍പിടിച്ചു കയറാന്‍ കഴിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂന്നു പേരാണ് ശുചീകരണപ്രവര്‍ത്തനത്തിനായി എത്തിയത്. ജോയിയാണ് ഉള്ളിലിറങ്ങിയത്. ഇതിനിടെ മഴ ശക്തിയായി പെയ്തതോടെ കൂടുതല്‍ വെള്ളം ഒഴുകിയെത്തുകയും ജോയി നിലതെറ്റി ഒഴുക്കില്‍പ്പെടുകയുമായിരുന്നു.