Connect with us

Kerala

പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹതകളേറുന്നു

പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ സംഭവസ്ഥലം അടുത്തദിവസം പരിശോധിക്കും.

Published

|

Last Updated

പേരാമ്പ്ര | കോഴിക്കോട് പേരാമ്പ്രയില്‍ വാളൂര്‍ കുറുങ്കുടിമീത്തല്‍ അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല.അനുവിന്റെ മൃതദേഹം നൊച്ചാട് പ്രാഥമികമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴെ  തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളം അകത്തുചെന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ തോട്ടില്‍ ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്നില്ലെന്നും മൃതദേഹത്തില്‍ അനു ധരിക്കാറുള്ള ആഭരണങ്ങളെല്ലാം ഉണ്ടായിരുന്നില്ലെന്ന പരാതിയുമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. യുവതിയുടെ കമ്മല്‍മാത്രമാണ് ശരീരത്തില്‍നിന്ന് ലഭിച്ചത്. മാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവ കാണുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ സംഭവസ്ഥലം അടുത്തദിവസം പരിശോധിക്കും.

അമ്മയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അനു സ്വന്തം വീട്ടിലായിരുന്നു താമസം. അനുവിന്റെ ഭര്‍ത്താവ് ഇരിങ്ങണ്ണൂര്‍ സ്വദേശി പ്രജില്‍ രാജിനെ ആശുപത്രിയില്‍ കാണിക്കാനായാണ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും യുവതി പോയത്. ഭര്‍ത്താവിനോട് മുളിയങ്ങലില്‍ എന്ന സ്ഥലത്ത് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രജില്‍ സ്ഥലത്ത് എത്തിയപ്പോള്‍ അനുവിനെ കണ്ടില്ല. പ്രജില്‍ തിരിച്ച് വീട്ടില്‍ എത്തിയിട്ടും യുവതി  തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ്   ചൊവ്വാഴ്ച രാവിലെ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്.

അനുവിന്റെ മൊബൈല്‍ഫോണും പഴ്സും തോട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Latest