Connect with us

scissors in stomach

യുവതിയുടെ വയറ്റിൽ കത്രിക മറന്ന സംഭവം: അന്വേഷണം തുടങ്ങി

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

Published

|

Last Updated

കോഴിക്കോട് | പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നിയമിച്ച മൂന്നംഗ ഡോക്ടർമാരുടെ സംഘം അന്വേഷണം ആരംഭിച്ചു. വയറ്റിൽ കത്രിക വെച്ച് തുന്നിക്കെട്ടിയ സംഭവം മെഡി. കോളജ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള അപാകതയാണോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. യുവതി നേരത്തേ താലൂക്ക് ആശുപത്രിയിൽ രണ്ട് പ്രസവ ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു. 2017ൽ മെഡി. കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന ശസ്ത്രക്രിയാവേളയിൽ ആശുപത്രിയിലുണ്ടായിരുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതാണ് പ്രാഥമിക നടപടി.

യൂറിനറി ബ്ലാഡറിനോട് ചേർന്ന് കണ്ടെത്തിയ 6.1 സെന്റീമീറ്റർ വലിപ്പമുള്ള അറ്റംവളഞ്ഞ കത്രിക ആശുപത്രിയിൽ എത്ര എണ്ണം സ്റ്റോക്ക് ഉണ്ടായിരുന്നുവെന്നും പിന്നീട് നടന്ന കണക്കെടുപ്പിൽ കുറവ് വന്നിട്ടുണ്ടോയെന്നുമാണ് പരിശോധിക്കുന്നത്. ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും തിരിച്ചേൽപ്പിക്കുന്നവയുടെ എണ്ണവും ആശുപത്രി രേഖകളിൽ കൃത്യമായി സൂക്ഷിക്കണമെന്നാണ് നിയമം. കൂടാതെ, അന്ന് ജോലിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും ജീവനക്കാരും ആരെല്ലാമാണെന്ന് കണ്ടെത്തും. അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. 2017 നവംബർ 30നായിരുന്നു യുവതിക്ക് മെഡിക്കൽ കോളജിൽ വെച്ച് ശസ്ത്രക്രിയ നടത്തിയത്.

2012 നവംബർ 23നും 2016 മാർച്ച് 15നും താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ആദ്യ രണ്ട് പ്രസവങ്ങൾ നടന്നത്. പന്തീരങ്കാവ് മലയിൽ കുളങ്ങര അശ്റഫിന്റെ ഭാര്യ ഹർഷിന (30)യുടെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി, സർജറി വിഭാഗം അസ്സോ. പ്രൊഫസ്സർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഉത്തരവാദികളായ ജീവനക്കാരെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 28 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മെഡിക്കൽ കോളജ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അശ്രദ്ധയാണെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. യുവതി അനുഭവിച്ചത് വിവരണാതീതമായ വേദനയാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

---- facebook comment plugin here -----

Latest