Kerala
പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവം; ഇന്‍വിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി
അന്വേഷണത്തില്‍ ഇന്‍വിജിലേറ്റര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കണ്ടെത്തി

മലപ്പുറം| മലപ്പുറത്ത് പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇന്‍വിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ കമ്മീഷണര്‍ മാണിക്ക് രാജാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. സംഭവത്തില്‍ മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തില്‍ ഇന്‍വിജിലേറ്റര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കണ്ടെത്തി. സംഭവത്തില്‍ തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തീരുമാനിക്കും.
മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി അനാമികക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്. മറ്റൊരു വിദ്യാര്‍ത്ഥിനി സംസാരിച്ചതിനാണ് ഇന്‍വിജിലേറ്റര്‍ അനാമികയുടെ ഉത്തരപേപ്പര്‍ പരീക്ഷയ്ക്കിടെ പിടിച്ചുവെച്ചത്. വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ വച്ച് കരഞ്ഞതോടെയാണ് ഉത്തരക്കടലാസ് തിരികെ നല്‍കിയത്. എന്നാല്‍ സമയം നഷ്ടമായതോടെ അനാമികക്ക് ഉത്തരങ്ങള്‍ മുഴുവന്‍ എഴുതാന്‍ കഴിഞ്ഞില്ല. പത്താം ക്ലാസിലും പ്ലസ് വണ്ണിലുമടക്കം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയാണ് അനാമിക. വീണ്ടും പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.