Kerala
കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; ആറ് പേര്‍ പോലീസ് കസ്റ്റഡിയില്‍
.കസ്റ്റഡയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ
പത്തനംതിട്ട | തിരുവല്ലയില്‍ ബൈക്ക് യാത്രക്കാരന്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച സംഭവത്തില്‍ ആറ് പേര്‍ കസ്റ്റഡിയില്‍. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്കില്‍ നിന്നു വീണാണ് ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് മരിച്ചത്.കസ്റ്റഡയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. സുരക്ഷാ മുന്‍കരുതകള്‍ സ്വീകരിക്കാതെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാതെയുമായിരുന്നു മരം മുറിക്കാനായി കയര്‍ കെട്ടിയത്.
സിയാദിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഭാര്യ സീനമോള്‍ മക്കളായ സീഹാന്‍, നൂര്‍സിസ എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു .ഞായറാഴ്ച വൈകീട്ട് 3.30ന് മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ മുത്തൂര്‍ എന്‍ എസ് എസ് സ്‌കൂളിന് സമീപമായിരുന്നു അപകടം. വഴിയോരത്ത് നിന്നിരുന്ന തണല്‍ മരം മുറിക്കുന്നതിനായി മരത്തില്‍ നിന്നും റോഡിന്റെ എതിര്‍വശത്തേക്ക് താഴ്ത്തിക്കെട്ടിയ വടത്തില്‍ സിയാദും കുടുംബവും യാത്ര ചെയ്തിരുന്ന ബൈക്ക് കുരങ്ങുകയായിരുന്നു. കഴുത്തില്‍ കയര്‍ കുരുക്കിയ സിയാദ് റോഡില്‍ തലയടിച്ച് വീണ്തല്‍ക്ഷണം മരിച്ചു.പരുക്കേറ്റവരെ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ല മുത്തൂരില്‍ വച്ചായിരുന്നു അപകടം. മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സിയാദിന്റെ കഴുത്തില്‍ കുടുങ്ങുകയായിരുന്നു.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും