Kerala
ദമ്പതികളേയും സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; രഹസ്യ കോഡുകളുള്ള ഇ മെയില്‍ പോലീസ് പരിശോധിക്കുന്നു
മരിച്ച നിലയില്‍ കണ്ടെത്തിയ ആര്യ സുഹൃത്തിനായി അയച്ചതാണിത്.
തിരുവനന്തപുരം | അരുണാചല്‍പ്രദേശിലെ ഹോട്ടലില്‍ ദമ്പതികളേയും സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ പോലീസ് പരിശോധിക്കുന്നു. രഹസ്യ കോഡുകളുള്ള സന്ദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. 2021ല്‍ അയച്ച സന്ദേശമാണിത്. മരിച്ച നിലയില്‍ കണ്ടെത്തിയ ആര്യ സുഹൃത്തിനായി അയച്ചതാണിത്. കൂടുതല്‍ ജി മെയില്‍ സന്ദേശങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേ സമയം മൂവരുടേയും മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. രാവിലെ 6.30നു ഗോഹട്ടിയില്‍നിന്നും വിമാനമാര്‍ഗം കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ ഉച്ചക്കു 12.30നു തിരുവനന്തപുരത്തെത്തിക്കും.
ആയുര്‍വേദ മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41), സുഹൃത്ത് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29) എന്നിവരെയാണു ചൊവാഴ്ച ഉച്ചയോടെ സിറോ ലോവര്‍ സുബാന്‍സിരി ബ്ലുപൈന്‍ ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തം വാര്‍ന്നാണ് മൂവരും മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നവീനിന്റെയും ആര്യയുടെയും ഇരുകൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ദേവിയുടെ ഒരു കൈയിലും ശരീരത്തിലും ചെറിയ മുറിവുകളുണ്ട്.
മൂവരും താമസിച്ചിരുന്ന മുറി പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. മുറി തുറന്ന് പരിശോധിച്ച ശേഷവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാകൂ എന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ സി നാഗരാജുവിന്റെ നിര്‍ദേശാനുസരണമാണ് തിരുവനന്തപുരത്തുനിന്നുള്ള പോലീസ് സംഘം അരുണാചല്‍പ്രദേശിലേക്ക് പോയത്. മരണമടഞ്ഞവരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തും.
ദേവിയെ മുറിയിലെ കട്ടിലിലും ആര്യയെ തറയിലും നവീനിനെ ബാത്ത്‌റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യയുടെ കഴുത്തിലും ദേവിയുടെ കൈകളിലും മുറിവേറ്റ പാടുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ദേവിയെയും ആര്യയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതകളെക്കുറിച്ചും പോലീസ് സംശയിക്കുന്നു.
അതേസമയം, മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ മുറിയില്‍നിന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കണ്ടെത്തിയിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവര്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ബ്ലാക്ക് മാജിക് വിശ്വാസങ്ങളോട് ഇവര്‍ അനുഭാവം പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
ആര്യയുടെ വിവാഹം അടുത്ത മാസം ഏഴിന് നിശ്ചയിച്ചിരുന്നതാണ്.
സ്‌കൂളില്‍നിന്നു ടൂര്‍ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് ആര്യയെ കാണാതായതോടെ അനില്‍കുമാറും ബന്ധുക്കളും പോലീസിനെ സമീപിക്കുകയായിരുന്നു.