Connect with us

National

യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; ഭര്‍തൃമാതാവ് അറസ്റ്റില്‍

ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം

Published

|

Last Updated

ന്യൂഡല്‍ഹി| ഇരുപത്തിരണ്ടുകാരിയുടെ ദേഹത്ത് ആഡിഡ് ഒഴിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പൂര്‍ സ്വദേശിയായ അഞ്ജലിയാണ്(49) അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. 25 ശതമാനം ആസിഡ് പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിനുശേഷം അഞ്ജലിയും കുടുംബവും ഒളിവില്‍ പോയിരുന്നു. വെള്ളിയാഴ്ച അഞ്ജലിയെ സന്ത് നഗര്‍ ബുരാരിയില്‍ നിന്ന് അറസ്റ്റ് ചെയ്‌തെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് ടിര്‍ക്കി പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. ഇവര്‍ക്ക് ആറു മാസം പ്രായമുള്ള ഒരു മകളുമുണ്ട്.

ആക്രമണത്തിനിരയായ യുവതി ന്യൂ ഉസ്മാന്‍പൂര്‍ പ്രദേശത്തെ ഒരു വീട്ടിലാണ് താമസിക്കുന്നത്. അതേ വീടിന്റെ താഴത്തെ നിലയിലാണ് അഞ്ജലി താമസിക്കുന്നത്. മരുമകളെ ഒഴിപ്പിക്കാന്‍ അഞ്ജലി കര്‍കര്‍ദൂമ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നെന്ന് ഡിസിപി പറഞ്ഞു.

സംഭവം നടന്ന അന്നേ ദിവസം ഇരുകക്ഷികളും കര്‍ക്കര്‍ദൂമ കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്ന് വൈകിട്ടാണ് അഞ്ജലി യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും ഡിസിപി അറിയിച്ചു. എഫ്ഐആറിന്റെ പകര്‍പ്പ് സഹിതം സംഭവത്തില്‍ നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) വ്യാഴാഴ്ച പോലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.

 

 

Latest