Connect with us

Kerala

കുഞ്ഞിന് ആംബുലന്‍സ് നിഷേധിച്ച സംഭവം; റാന്നി താലൂക്ക് ആശുപത്രിയിലെ രണ്ട് താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

സ്ഥിരം നിയമനത്തിലുള്ള ഒരു ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഡി എം ഒക്ക് റിപ്പോര്‍ട്ട് നല്‍കിയതായി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട | കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോകുന്നതിന് ആംബുലന്‍സ് നിഷേധിച്ച സംഭവത്തില്‍ റാന്നി എം സി ചെറിയാന്‍ മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. പി ആര്‍ കൗശിക്, ജോമോന്‍ തോമസ് എന്നിവരെയാണ് ആശുപത്രി സൂപ്രണ്ട് ലിന്‍ഡ ജോസഫ് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. സ്ഥിരം നിയമനത്തിലുള്ള ഒരു ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഡി എം ഒക്ക് റിപ്പോര്‍ട്ട് നല്‍കിയതായി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ സൂപ്രണ്ട് അന്വേഷണം നടത്തിയിരുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന ശേഷമാണ് ഇവരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

മേയ് നാലിന് വൈകീട്ട് 5.30ഓടെയാണ് അയിരൂര്‍ പ്ലാങ്കമണ്ണില്‍നിന്ന് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയ ഒരുമാസം പ്രായമായ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഓക്സിജന്‍ അളവില്‍ കുറഞ്ഞ കുഞ്ഞിന് എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നറിയിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആംബുലന്‍സ് സഹായം തേടിയപ്പോള്‍ ഡ്രൈവര്‍മാര്‍ ഒഴിഞ്ഞുമാറി. ആശുപത്രി ജീവനക്കാര്‍ തന്നെ പലവട്ടം വിളിച്ചിട്ടും ഒഴിഞ്ഞു മാറിയെന്നാണ് ആരോപണം. ഡ്യൂട്ടി സമയം കഴിയുന്നതിനാല്‍ പറ്റില്ലെന്ന നിലപാടിലായിരുന്നത്രെ ഡ്രൈവര്‍മാര്‍. ഈ സമയം ആശുപത്രിയിലെ നാല് ആംബുലന്‍സുകളും സ്ഥലത്തുണ്ടായിരുന്നു. ഒടുവില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest