Connect with us

National

സണ്‍ഷേഡില്‍ വീണ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയ സംഭവം; മാതാവ് ജീവനൊടുക്കിയ നിലയില്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കുനേരെ രൂക്ഷമായ സൈബറാക്രമണമാണുണ്ടായത്.

Published

|

Last Updated

ചെന്നൈ| കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ മാതാവ് ജീവനൊടുക്കിയ നിലയില്‍. ഐടി കമ്പനി ജീവനക്കാരിയായ രമ്യ(33) ആണ് മരിച്ചത്. ഏപ്രില്‍ 28ന് തിരുമുല്ലവയലിലുള്ള വി.ജി.എന്‍ സ്റ്റാഫോഡ് അപ്പാര്‍ട്ട്മെന്റിലെ ബാല്‍ക്കണിയില്‍വച്ച് ഭക്ഷണം കൊടുക്കുന്നതിനിടെ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് രമ്യയുടെ കയ്യില്‍നിന്ന് വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലധികം കിടന്ന കുട്ടിയെ അയല്‍ക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കുനേരെ രൂക്ഷമായ സൈബറാക്രമണമാണുണ്ടായത്. രമ്യയെ ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.

രമ്യയും മക്കളും രണ്ടാഴ്ച മുമ്പാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും ഭര്‍ത്താവ് വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവന്നപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)