Kerala
ശിശുക്ഷേമ സമിതിയിലെ ആയമാര്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവം; തെളിവ് നശിപ്പിക്കാന്‍ ശ്രമം
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ നഖം വെട്ടിയാണ് മൂന്ന് ആയമാരും ഹാജരായത്.
തിരുവനന്തപുരം| ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കുറ്റം തെളിയാതിരിക്കാന്‍ ആയമാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി വിവരം. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മൂന്ന് ആയമാരും നഖം വെട്ടിയാണ് ഹാജരായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെയാണ് ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരിക്ക് നേരിട്ട ക്രൂരതയെ കുറിച്ചുള്ള വിവരം പുറത്തു വന്നത്.
അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് അതി ക്രൂരമായിട്ടാണ് മൂന്ന് ആയമാര്‍ പെരുമാറിയത്. കുട്ടിയെ ഉപദ്രവിച്ച കാര്യം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയാണ് ആയമാര്‍ മറച്ച് വെച്ചത്. പതിവായി കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാര്‍ പലയിടത്തും വെച്ച് സംസാരിച്ചത്. അറസ്റ്റിലായ ആയമാര്‍ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പതിവായി കിടക്കയില്‍ മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് കഴിഞ്ഞ മാസം 24ന് ഒരു ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. കുട്ടിയെ കുളിപ്പിക്കുന്നതൊക്കെ ഇവര്‍ തന്നെയായിരുന്നു. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ക്ക് അലിവു തോന്നിയില്ല.
ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയ വന്ന് കുളിപ്പിക്കുമ്പോള്‍ കുട്ടി കരയുന്നത് ശ്രദ്ധിച്ചതാണ് നിര്‍ണ്ണായകമായത്. കുട്ടിയുടെ സ്വകാര്യ ഭാഗത്തെ മുറിവുകള്‍ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ആയയാണ്. അപ്പോഴേക്കും ഉപദ്രവം മറച്ചുവച്ചിട്ട് ഒരാഴ്ച പിന്നിട്ടിരുന്നു. പിന്‍ഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്. ക്രൂരമായി മുറിവുകളുണ്ടെന്ന് ഡോക്ടറും അറിയിച്ചു. പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് തുടര്‍ നടപടി സ്വീകരിച്ചത്.
സംഭവത്തില്‍ 70 ആളുകളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്ന് പേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ച വിവരം കുറ്റസമ്മത മൊഴിയില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.