Kerala
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ രേഖാമൂലം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു
വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്
തിരുവനന്തപുരം | കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഏറെ നിരുത്തരവാദപരമായ പ്രവര്‍ത്തിയാണ് നടന്നിരിക്കുന്നത്. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും മന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു.
അതേസമയം നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറല്‍ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി കെ ബീനാകുമാരി ഉത്തരവിട്ടു.