National
യുവകര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
പല കാരണങ്ങളാല്‍ ശുഭ്കരണിന്റെ മരണത്തെകുറിച്ചുള്ള അന്വേഷണം പഞ്ചാബിനെയോ ഹരിയാനയെയോ ഏല്‍പിക്കാനാകില്ലെന്നും അതിനാലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി| കര്‍ഷകസമരത്തിനിടെ യുവകര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒരു റിട്ടയേഡ് ജഡ്ജ് ആയിരിക്കും അന്വേഷണ സമിതിയിലെ അധ്യക്ഷന്‍. ഒപ്പം രണ്ട് എഡിജിപിമാരുംഅന്വേഷണ സമിതിയിലുണ്ടാകും. കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിയിലാണ് ശുഭ് കരണ്‍ സിങ്ങ് (23) കൊല്ലപ്പെട്ടത്. ശുഭ് കരണ്‍ സിങ്ങിന്റെ മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ പഞ്ചാബ് സര്‍ക്കാറിനെ കോടതി വിമര്‍ശിച്ചു.
എന്ത് തരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് സംഭവസമയത്ത് ഉപയോഗിച്ചതെന്ന് ഹരിയാന സര്‍ക്കാരിനോട് കോടതി ചോദിച്ചു. അതുസംബന്ധിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. പല കാരണങ്ങളാല്‍ ശുഭ്കരണിന്റെ മരണത്തെകുറിച്ചുള്ള അന്വേഷണം പഞ്ചാബിനെയോ ഹരിയാനയെയോ ഏല്‍പിക്കാനാകില്ലെന്നും അതിനാലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി. യുവ കര്‍ഷകന്റൈ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയ നിരവധിപരാതികള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
അതേസമയം സമരം ചെയ്ത കര്‍ഷകരെയും കോടതി വിമര്‍ശിച്ചു. എന്തിനുവേണ്ടിയാണ് സ്ത്രീകളെയും കുട്ടികളെയും സമരത്തില്‍ മുന്നില്‍ നിര്‍ത്തിയതെന്നും എന്തിനാണ് സമരത്തിനിടെ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതെന്നും കോടതി ചോദിച്ചു.