Connect with us

Kerala

യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

പേക്കാവുങ്കല്‍ നാരായണന്റെ മകന്‍ വിഷ്ണു (29) വിനെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. പേക്കാവുങ്കല്‍ നാരായണന്റെ മകന്‍ വിഷ്ണു (29) വിനെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. കോയിപ്രം പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നകാലായില്‍ സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രന്‍(25)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ മൂന്നോടെയാണ് ഭര്‍ത്താവുമൊത്ത് താമസിക്കുന്ന പേക്കാവുങ്കല്‍ വീട്ടിലെ കിടപ്പുമുറിയില്‍ സൂര്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ് ഐ. അനൂപിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് പോലീസ് ശാസ്ത്രീയാന്വേഷണ സംഘവും വിരലടയാള വിദഗ്ധരുടെ സംഘവും മറ്റുമെത്തി പരിശോധന നടത്തി. പിറ്റേന്ന്, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് ഇന്‍ക്വസ്റ്റ് നടത്തുകയും, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു.

സംഭവ ദിവസം, അമിതമായി മദ്യപിച്ച നിലയില്‍ കാണപ്പെട്ട വിഷ്ണുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രി വിട്ടതിനെ തുടര്‍ന്ന്, പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം സ്ത്രീധന പീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹസമയത്ത് സൂര്യയുടെ വീട്ടുകാര്‍ കൊടുത്ത നാല് പവന്‍ സ്വര്‍ണം ഇയാള്‍ പണയം വച്ചത്, തിരിച്ചെടുത്തു കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സൂര്യയെ മര്‍ദിച്ചതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഇക്കാര്യം വീണ്ടും ഉന്നയിച്ച സൂര്യ്ക്ക് ഈമാസം ഒന്നിന് ഇയാളില്‍ നിന്നും വീണ്ടും മര്‍ദനമേറ്റിരുന്നുവെന്നും വ്യക്തമായി. ഈവര്‍ഷം മെയ് എട്ടിന് കോയിപ്രം പുരയിടത്തിക്കാവ് ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.

വിഷ്ണു കോയിപ്രം പോലീസ് സ്റ്റേഷനില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പ്രതിയാണ്. പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നത്. എസ് ഐ. അനൂപ്, എ എസ് ഐമാരായ വിനോദ്, സുധീഷ്, എസ് സി പി ഒ. ജോബിന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

 

Latest