Kerala
യുവതിയെ കാറില്‍ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഇരുവരുടെയും ബന്ധുക്കളുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തും.
കൊല്ലം | ചെമ്മാമുക്കില്‍ കാറില്‍വെച്ച് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൊല്ലപ്പെട്ട അനിലയും പത്മരാജനും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്. ഇരുവരുടെയും ബന്ധുക്കളുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തും.
വൈദ്യ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. അനിലയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളും ഇന്ന് തന്നെ പൂര്‍ത്തിയാക്കും. യുവതിയ്‌ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവ് സോണിക്കും പൊള്ളലേറ്റു.
ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിനെ മറ്റൊരു കാറിലെത്തിയ പത്മരാജന്‍ തടഞ്ഞു നിര്‍ത്തുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തീ പടര്‍ന്നതോടെ സോണി കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. കൊല്ലത്ത് മറ്റൊരു യുവാവുമായി ചേര്‍ന്ന് ബേക്കറി സ്ഥാപനം നടത്തി വരികയായിരുന്നു അനില. യുവാവിനൊപ്പം സ്ഥാപനം നടത്തുന്നതില്‍ പ്രതിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇയാളെക്കൂടി ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും ഇരയായത് മറ്റൊരു യുവാവാണ്.