Kerala
യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ച സംഭവം: അഞ്ച് പ്രതികള്‍ കീഴടങ്ങി
കേസില്‍ മുഖ്യപ്രതി ലക്ഷ്മിപ്രിയ, എട്ടാം പ്രതി അമലും നേരത്തെ പിടിയിലായിരുന്നു. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
തിരുവനന്തപുരം | യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ അഞ്ച് പ്രതികള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തിരുവനന്തപുരം വര്‍ക്കലയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കീഴടങ്ങല്‍. അയിരൂര്‍ പോലീസ് സ്റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. കേസില്‍ മുഖ്യപ്രതി ലക്ഷ്മിപ്രിയ, എട്ടാം പ്രതി അമലും നേരത്തെ പിടിയിലായിരുന്നു. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. അയിരൂര്‍ സ്വദേശിയായ യുവാവിനെ പെണ്‍സുഹൃത്തും ഗുണ്ടാ സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദിക്കുകയുമാണ് ചെയ്തത്. ശേഷം യുവാവ് ധരിച്ചിരുന്ന മാലയും ഐവാച്ചും കൈയിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുത്തു.
വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മിപ്രിയയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍, മറ്റൊരാളുമായി അടുപ്പത്തിലായതിനെ തുടര്‍ന്ന് ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ലക്ഷ്മിപ്രിയ യുവാവിനോട് ആവശ്യപ്പെട്ടു. ഇതിന് സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിന് കാരണം.