Kuwait
കുടുംബവിസ അനുവദിക്കാത്തത് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി
കുവൈത്തിൽ ഇന്ത്യൻ സംസ്‌കാരത്തിന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്.
കുവൈത്ത് സിറ്റി | കുവൈത്തിൽ കുടുംബ വിസാ നിയന്ത്രണങ്ങൾ നിരവധി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക പറഞ്ഞു. ഈ വിഷയം കുവൈത്ത് അധികാരികൾ ഉടനെ പരിഹരിക്കുമെന്ന് കരുതുന്നതായും പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കുവൈത്തിൽ ഇന്ത്യൻ സംസ്‌കാരത്തിന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര മേളകളിൽ കുവൈത്തി കലാകാരന്മാരുട പങ്കാളിത്തം പ്രതീക്ഷിക്കുന്നു. നിലവിൽ കുവൈത്തിൽ 26 ഇന്ത്യൻ വിദ്യാലയങ്ങളിലായി 60,000ത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കുവൈത്ത് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി കൂടിയാലോചിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡ്, എണ്ണ, പ്രകൃതി വാതകം, വൈദ്യുതി, മണ്ണ് സംസ്കരണം എന്നീ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ ഉന്നത നിലവാരത്തിലുള്ള നിരവധി പദ്ധതികൾ കുവൈത്തിൽ നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിരോധ- സുരക്ഷാ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിന്റെ വളർച്ചയും അദ്ദേഹം എടുത്തുപറഞ്ഞു.