Kozhikode
ആഗോള തലത്തില്‍ ഉറുദു ഭാഷയുടെ സ്വാധീനമേറുന്നു: ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി
ജാമിഅ മദീനത്തുന്നൂര്‍ ഉറുദു ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ഏകദിന ഉറുദു ശില്‍പശാല 'രംഖേ സുഖന്‍' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി.
പൂനൂര്‍ | ഉറുദു ഭാഷക്ക് ലോകത്ത് കൂടുതല്‍ സ്വാധീനം ലഭിച്ചു കൊണ്ടിരിക്കുന്നുവെന്ന് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി. ജാമിഅ മദീനത്തുന്നൂര്‍ ഉറുദു ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ഏകദിന ഉറുദു ശില്‍പശാല ‘രംഖേ സുഖന്‍’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്പന്നമായ ചരിത്രവും പൈതൃകവും പേരുന്ന ഉറുദു ഭാഷയെ സജീവമാക്കാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധത കാണിക്കണമെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സംഗമത്തില്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി വരപ്പാറ അധ്യക്ഷത വഹിച്ചു.
ഉറുദു ഭാഷാ വൈഭവം കൈവരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നുഅ്മാന്‍ നൂറാനി (ഉറുദു പബ്ലിക് സ്പീക്കിംഗ്), ഇംതിയാസ് അഹമ്മദ് നൂറാനി (വ്യാകരണങ്ങളും തെറ്റുകളും), പി ടി ഫയ്‌റൂസ് മഖ്ദൂമി (ഉറുദു സരളം, സമ്പുഷ്ടം), നദീം അക്തര്‍ (ഉറുദുവിലെ സംവാദം) നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സംഗമത്തില്‍ വിതരണം ചെയ്തു. റാഷിദ് സ്വാഗതവും മുഹമ്മദ് തഴവ നന്ദിയും അറിയിച്ചു.