Ongoing News
പരുക്ക്; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് കളിക്കാനാകില്ല
തനിക്ക് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടി വരികയാണെന്നും സിന്ധു ട്വിറ്ററിലൂടെ അറിയിച്ചു.
ന്യൂഡല്‍ഹി | ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു കളിക്കില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരത്തിനിടെ ഇടത് കണങ്കാലില്‍ പരുക്കേറ്റതാണ് കാരണം. തനിക്ക് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടി വരികയാണെന്നും സിന്ധു ട്വിറ്ററിലൂടെ അറിയിച്ചു. ഗെയിംസിലെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സിന്ധുവിന് പരുക്കേറ്റത്. അസഹനീയമായ വേദന സഹിച്ചാണ് താരം രാജ്യത്തിനു വേണ്ടി സ്വര്‍ണം നേടിയത്. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണം സ്വന്തമാക്കിയത്.
‘കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടാനായതിന്റെ ഉന്നതിയില്‍ ആയിരിക്കുമ്പോള്‍ തന്നെ നിര്‍ഭാഗ്യവശാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. ഗെയിംസിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിലേറ്റ പരുക്ക് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ കോച്ചിന്റെയും ഫിസിയോയുടെയും സഹായത്തോടെ കഴിവിന്റെ പരാമവധി ശ്രമിക്കുകയായിരുന്നു. ഫൈനല്‍ കളിക്കുമ്പോഴും അതിനുശേഷവും വേദന അസഹനീയമായിരുന്നു. ഹൈദരാബാദില്‍ തിരിച്ചെത്തിയ ഉടന്‍ എം ആര്‍ ഐ എടുത്തു. ഇതിലാണ് ഇടതു കാലിലെ ഒടിവ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ ഏതാനും ആഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ശേഷം വീണ്ടും പരിശീലനത്തിലേക്ക് മടങ്ങും. പിന്തുണക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി.’- സിന്ധു ട്വിറ്ററില്‍ കുറിച്ചു.