Connect with us

Articles

വിധിയുടെ സമഗ്രത സംശയിക്കപ്പെടും

കശ്മീരിനെ ഇന്ത്യയുമായി ചേര്‍ത്തുനിര്‍ത്തിയ ചരിത്രപരമായ പശ്ചാത്തലത്തില്‍ നിന്ന് പ്രശ്നത്തെ അടര്‍ത്തിമാറ്റി ചര്‍ച്ച ചെയ്യുന്നത് നീതിയാകില്ല. അത്തരമൊരു വിധി തീര്‍പ്പാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചില്‍ നിന്നുണ്ടായിരിക്കുന്നത് എന്നു വേണം മനസ്സിലാക്കാന്‍.

Published

|

Last Updated

ഇന്ത്യന്‍ ഭരണഘടനയുടെ 370ാം അനുച്ഛേദ പ്രകാരം ജമ്മു കശ്മീരിന് ലഭ്യമായിരുന്ന സവിശേഷ പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് ശരിവെച്ചിരിക്കുന്നു. ഭരണഘടനാനുച്ഛേദം 370 ഒരു താത്കാലിക വകുപ്പാണെന്നും കശ്മീരിന് ഇന്ത്യന്‍ ഭരണഘടന ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ സമ്മതം വേണ്ടെന്നും പരമോന്നത കോടതി വിധി ചൂണ്ടിക്കാട്ടുന്നുണ്ട്. ജമ്മു കശ്മീരിന് രാജ്യത്തിനകത്ത് മറ്റൊരു പരമാധികാരമില്ലെന്നും വിധി പറയുന്നു.

കശ്മീരിനെ ഇന്ത്യാ മഹാരാജ്യവുമായി കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി നല്‍കിയ ഉറപ്പാണ് ആ പ്രദേശത്തിന് സവിശേഷ പദവി വകവെച്ചു നല്‍കുന്ന ഭരണഘടനാനുച്ഛേദത്തിന്റെ പൊരുള്‍. എന്നിരിക്കെ കശ്മീരിനെ ഇന്ത്യയുമായി ചേര്‍ത്തുനിര്‍ത്തിയ ചരിത്രപരമായ പശ്ചാത്തലത്തില്‍ നിന്ന് പ്രശ്നത്തെ അടര്‍ത്തിമാറ്റി ചര്‍ച്ച ചെയ്യുന്നത് നീതിയാകില്ല. അത്തരമൊരു വിധി തീര്‍പ്പാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചില്‍ നിന്നുണ്ടായിരിക്കുന്നത് എന്നു വേണം മനസ്സിലാക്കാന്‍. ആര്‍ട്ടിക്കിള്‍ 370 ഒരു താത്കാലിക വകുപ്പായിരുന്നു എന്നതാണ് സുപ്രീം കോടതി വിധിയുടെ മര്‍മം. അക്കാര്യം ഭരണഘടനയിലെ പ്രസ്തുത ആര്‍ട്ടിക്കിള്‍ തന്നെ സൂചിപ്പിക്കുന്നുമുണ്ട്. അതിന്റെ തന്നെ ചുവടുപിടിച്ചാണ് ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടന ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ സമ്മതം വേണ്ടെന്ന വിധിതീര്‍പ്പിലേക്കും പരമോന്നത നീതിപീഠം എത്തിയിരിക്കുന്നത്. എന്നാല്‍ ജമ്മു കശ്മീരിന് സവിശേഷ പദവി നിര്‍ണയിച്ചു നല്‍കുന്നതിന് നിദാനമായ വസ്തുതകളെ വര്‍ത്തമാനകാല സാഹചര്യങ്ങളുമായി ചേര്‍ത്തുവായിക്കുന്നതിന് പകരം സാങ്കേതികമായി പുറപ്പെടുവിച്ചിരിക്കുന്ന വിധിയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റേത്. കശ്മീര്‍ എന്ന ഭൂപ്രദേശത്തെ ജനതയെക്കൂടി കണ്ടല്ല ഈ വിധിയെന്ന് കരുതേണ്ടിയിരിക്കുന്നു.

ജമ്മു കശ്മീരിന് ആഭ്യന്തര പരമാധികാരം ഇല്ലെന്നത് അവിതര്‍ക്കിതമാണ്. കശ്മീരിന്റെ സവിശേഷ പദവി ചോദ്യം ചെയ്തു കൊണ്ട് സംഘ്പരിവാര്‍ പറയുന്ന കാര്യവും രാജ്യത്തിനകത്ത് മറ്റൊരു പരമാധികാര ശ്രമമാണ് സവിശേഷ പദവി എന്നാണ്. ആ കേവല രാഷ്ട്രീയ പ്രചാരണത്തിന് കശ്മീരിന്റെ സവിശേഷ പദവിയുമായി ബന്ധമില്ല. കാരണം കശ്മീരിന് ആഭ്യന്തര പരമാധികാരമുണ്ടെന്ന ചര്‍ച്ച ഉയരാതിരിക്കെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ ഊന്നലായി അത് വന്നത് വിധിയുടെ സമഗ്രതയെ ചോദ്യം ചെയ്യുന്നുണ്ട്.

ചരിത്രത്തില്‍ വേരുള്ള സംഗതികളെ വര്‍ത്തമാനകാല സ്ഥിതിവിശേഷങ്ങളിലേക്ക് പരിമിതപ്പെടുത്തി വിധിതീര്‍പ്പ് നടത്തുന്ന പതിവ് രൂപപ്പെടുകയാണോ എന്ന ആധിയുണ്ടാക്കുന്നതാണ് അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി. മുന്നാക്ക സാമ്പത്തിക സംവരണം ശരിവെച്ച സുപ്രീം കോടതി സംവരണത്തെ അതിന്റെ ചരിത്രപരമായ അടരുകളില്‍ നിന്ന് വേര്‍പ്പെടുത്തിയാണ് ചര്‍ച്ച ചെയ്തത്. ബാബരിയില്‍ ചരിത്ര ബോധത്തെ മിത്ത് അടിമേല്‍ മറിച്ചിടുന്നതുമാണ് കണ്ടത്. ഭരണകൂടത്തെയല്ല ഭരണഘടനയെയാണ് നീതിപീഠം കാണേണ്ടത്. അപ്പോഴാണ് ഭരണഘടനയോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കപ്പെടുന്നത്.