Connect with us

siraj editorial

ഇടക്കാല വിധി ആശ്വാസകരം

മതസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് ഉള്‍പ്പെടെ ഭരണഘടനക്കും മതേതരത്വത്തിനും വിരുദ്ധമായ വ്യവസ്ഥകളുണ്ട് വഖ്ഫ് നിയമ ഭേദഗതിയിലെന്ന് കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ജുഡീഷ്യറിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ജഡ്ജിമാരുടെ പരാമര്‍ശങ്ങളില്‍ നിന്നും നിയമനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയ കോടതി നടപടിയില്‍ നിന്നും വ്യക്തമാകുന്നത്.

Published

|

Last Updated

വഖ്ഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ ഇടപെടല്‍ ആശ്വാസകരമാണ്. രജിസ്ട്രേഷനിലൂടെയെന്ന പോലെ ഉപയോഗത്തിലൂടെ (വഖ്ഫ് ബൈ യൂസര്‍) വഖ്ഫ് ആയിക്കഴിഞ്ഞ ഭൂമികളിലും തത്സ്ഥിതി തുടരണമെന്നും അതുവരെയും ഈ സ്വത്തുക്കളില്‍ നോട്ടിഫിക്കേഷന്‍ നടത്തരുതെന്നും ഇടക്കാല ഉത്തരവ് നല്‍കിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ കെ വി വിശ്വനാഥന്‍, സഞ്ജീവ് കുമാര്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച്. കേസ് വീണ്ടും പരിഗണിക്കുന്ന േമയ് അഞ്ച് വരെയാണ് ഇടക്കാല ഉത്തരവിന്റെ സമയപരിധി. വഖ്ഫ് ബോര്‍ഡിലും വഖ്ഫ് കൗണ്‍സിലിലും പുതിയ നിയമനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. നിയമനം നടത്തിയാല്‍ അസാധുവാകുമെന്നും ഉത്തരവില്‍ പറയുന്നു. പുതിയ വഖ്ഫ് നിയമവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോടതി ചില സംശയങ്ങളും സന്ദേഹങ്ങളും ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാറിന് ഒരാഴ്ച സമയവും അനുവദിച്ചു കോടതി. 140ഓളം ഹരജികളാണ് വഖ്ഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതി മുമ്പാകെ വന്നത്. ഇതില്‍ അഞ്ച് ഹരജികളിലാണ് നിലവില്‍ വാദം കേള്‍ക്കുന്നത്.

രജിസ്റ്റര്‍ സംവിധാനം നിലവിലില്ലാത്ത കാലത്ത് വാക്കാല്‍ വഖ്ഫ് ചെയ്തതും തുടര്‍ന്ന് വഖ്ഫ് ഭൂമിയായി ഉപയോഗിച്ചു വരുന്നതുമായ സ്വത്തുക്കള്‍ വഖ്ഫ് അല്ലാതാക്കുന്ന പുതിയ നിയമത്തിലെ വ്യവസ്ഥയാണ് കോടതി സര്‍ക്കാറിനോട് വിശദവിവരം ആവശ്യപ്പെട്ട ഒരു വിഷയം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വഖ്ഫ് ചെയ്യപ്പെട്ടതും പിന്നീട് വഖ്ഫ് ബോര്‍ഡ് ഏറ്റെടുത്തതുമായ സ്വത്തുക്കള്‍ വഖ്ഫ് അല്ലാതാകുന്നതെങ്ങനെയെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. കാലങ്ങളായി ഉപയോഗത്തിലൂടെയുള്ള വഖ്ഫ് സ്വത്തിന്റെ വാഖിഫ് (വഖ്ഫ് ചെയ്ത ആള്‍) ആരെന്ന് പറയാനാകില്ല. 300 വര്‍ഷത്തിലധികം പഴക്കമുണ്ട് ഡല്‍ഹി ജമാ മസ്ജിദ് പോലുള്ള രാജ്യത്തെ പല വഖ്ഫ് സ്വത്തുക്കള്‍ക്കും. ഇവയെല്ലാം വഖ്ഫ് അല്ലാതാക്കുന്ന വ്യവസ്ഥയില്‍ പന്തികേടുണ്ടെന്നും ഉപയോഗം മൂലം വഖ്ഫായ സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ്, ഭൂതകാലം തിരുത്തിയെഴുതാനാകില്ലെന്ന് സര്‍ക്കാറിനെ ഉണര്‍ത്തുകയും ചെയ്തു.

വഖ്ഫ് ബോര്‍ഡുകളിലെ നിയമനങ്ങളില്‍ മുസ്ലിമേതര വിഭാഗങ്ങള്‍ക്ക് അവസരം നല്‍കുന്ന ഭേദഗതിയാണ് മറ്റൊന്ന്. ക്ഷേത്ര ബോര്‍ഡുകളിലും മറ്റും ഇതര മതസ്ഥര്‍ക്ക് നിയമനം നല്‍കാറുണ്ടോ എന്ന ചോദ്യവുമായാണ് ഈ വ്യവസ്ഥയുടെ പക്ഷപാതപരമായ വശം സുപ്രീംകോടതി ചൂണ്ടിക്കാണിച്ചത്. നിയമം മൂലം രൂപവത്കൃതമായ ക്ഷേത്ര ബോര്‍ഡുകളുടെ മേല്‍നോട്ടത്തിന് ഇതര മതസ്ഥരുമുണ്ടാകാമെന്നായിരുന്നു ഈ ചോദ്യത്തിന് സോളിസിറ്റര്‍ ജനറലിന്റെ മറുപടി. ഇതിന് ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ തുഷാര്‍ മേത്തക്ക് ഉത്തരം മുട്ടി. ഇതല്ല ഇപ്പോഴത്തെ പരിഗണനാ വിഷയം. ഇതേക്കുറിച്ച് തനിക്ക് കൂടുതല്‍ പറയാനില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മേത്ത.

കോടതി വിധികള്‍ റദ്ദാക്കാന്‍ പാര്‍ലിമെന്റിന് അധികാരമില്ലെന്നും കോടതി വിധികള്‍ മാനിച്ചു കൊണ്ടുള്ള നിയമനിര്‍മാണങ്ങള്‍ മാത്രമേ പാര്‍ലിമെന്റ് നടത്താവൂ എന്നും ചീഫ് ജസ്റ്റിസ് ഉണര്‍ത്തി. വഖ്ഫായി കോടതി വിധിച്ച സ്വത്തുക്കളും വഖ്ഫ് അല്ലാതായി മാറുമെന്ന പുതിയ നിയമത്തിലെ പരാമര്‍ശമാണ് കോടതി വിധികളുടെ ആധികാരികതയെ കുറിച്ച് സുപ്രീം കോടതി പറയാനിടയാക്കിയത്. ഭേദഗതി നിയമത്തിലെ പ്രസ്തുത പരാമര്‍ശം സോളിസിറ്റര്‍ ജനറലിനെ കൊണ്ട് വായിപ്പിച്ച ശേഷമാണ്, കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ഒരു നിയമത്തിലും പറയാന്‍ പാടില്ലെന്ന് കോടതി അദ്ദേഹത്തെ ഉപദേശിച്ചത്.

അതിനിടെ, കേന്ദ്ര വഖ്ഫ് കൗണ്‍സിലിലും സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലും ഭൂരിഭാഗവും മുസ്ലിംകളാകണമെന്ന വ്യവസ്ഥ വെച്ച ശേഷം പരമാവധി രണ്ട് അമുസ്ലിംകളെ നിയമിക്കാമെന്ന് മാത്രമേ ഭേദഗതി നിയമത്തില്‍ പറയുന്നുള്ളൂവെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തി തുഷാര്‍ മേത്ത. കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ എക്സ് ഒഫീഷ്യോ അല്ലാത്ത 20 പേരില്‍ എട്ട് പേര്‍ മാത്രം മുസ്ലിമായാല്‍ മതിയെന്നാണല്ലോ പുതിയ നിയമത്തില്‍ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയതോടെ മേത്തയുടെ വാദം പൊളിഞ്ഞു. വഖ്ഫ് കൗണ്‍സിലിലും വഖ്ഫ് ബോര്‍ഡിലും അമുസ്ലിംകളായി രണ്ട് പേര്‍ മാത്രമേ പാടുള്ളൂവെന്ന് നിയമത്തില്‍ പറയുന്നില്ലല്ലോയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി പ്രത്യേകം പരാമര്‍ശിച്ച ഈ മൂന്ന് കാര്യങ്ങള്‍ക്കപ്പുറം വഖ്ഫിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന വേറെയും വ്യവസ്ഥകളുണ്ട് പുതിയ നിയമത്തില്‍. വഖ്ഫ് സ്വത്തില്‍ ആരെങ്കിലും വെറുതെ തര്‍ക്കമുന്നയിക്കുകയും അത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്താല്‍ അന്വേഷണ കാലയളവില്‍ പ്രസ്തുത സ്വത്ത് വഖ്ഫായി പരിഗണിക്കില്ലെന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥ അതീവ അപകടകരമാണ്. വഖ്ഫ് സ്വത്തിലെ കൈയേറ്റങ്ങള്‍ക്ക് സാധുത നല്‍കുന്നതാണ് ഈ വ്യവസ്ഥ. ഇക്കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരം വിഷയങ്ങള്‍ കൂടി കോടതിയുടെ പരിഗണനയില്‍ വരേണ്ടതുണ്ട്.

മതസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് ഉള്‍പ്പെടെ ഭരണഘടനക്കും മതേതരത്വത്തിനും വിരുദ്ധമായ വ്യവസ്ഥകളുണ്ട് വഖ്ഫ് നിയമ ഭേദഗതിയിലെന്ന് കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ജുഡീഷ്യറിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ജഡ്ജിമാരുടെ പരാമര്‍ശങ്ങളില്‍ നിന്നും നിയമനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയ കോടതി നടപടിയില്‍ നിന്നും വ്യക്തമാകുന്നത്. വഖ്ഫ് സ്വത്തുക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതും അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായകവുമായ അന്തിമ വിധി പരമോന്നത കോടതിയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മതേതര ഇന്ത്യ.

 

Latest