cover story
മരണം മണക്കുന്ന അകത്തളങ്ങൾ
വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും തന്നെ ബാധിക്കുന്ന വ്യാപകവും വിനാശകരവുമായ പ്രശ്നമാണ് മയക്കുമരുന്ന് ഉപയോഗം. മയക്കുമരുന്നിന് അടിമകളായവരെ സംബന്ധിച്ച പഠനങ്ങളും സംഭവങ്ങളും ലഹരിവസ്തുക്കളുടെ ഉപയോഗവും ആക്രമണോത്സുകമായ പെരുമാറ്റവും തമ്മിലുള്ള ബന്ധത്തിന് വ്യക്തമായ തെളിവുകൾ മുന്നോട്ടു വെക്കുന്നവയാണ്. അരനൂറ്റാണ്ട് കാലത്തിനിടക്ക് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഇത്തരത്തിലുള്ള നൂറുകണക്കിന് കേസുകൾ റിപോർട്ട് ചെയ്തു. ഇന്നിപ്പോഴാകട്ടെ ഇത്തരം സംഭവങ്ങൾ മലയാളിക്ക് പതിവ് വാർത്തകളായി മാറിയിരിക്കുന്നു.

മലയാളികളുടെ ഇടയിലേക്ക് ഇത്തവണ പുതുവർഷപുലരി എത്തിയത് വളരെ വ്യത്യസ്തമായ ഒരു കൊലപാതക വാർത്തയുമായാണ്. തൃശൂർ നഗരമധ്യത്തിൽ പുതുവർഷത്തലേന്ന് കൗമാരക്കാരുടെ കുത്തേറ്റ് 29 കാരനായ യുവാവ് കൊല്ലപ്പെട്ടു എന്നതായിരുന്നു ആ വാർത്ത. പ്രതികളാവട്ടെ 14ഉം 15ഉം വയസ്സ് പ്രായമുള്ള കുട്ടികളും. പാലിയം റോഡിൽ എടക്കളത്തൂർ വീട്ടിൽ ജോൺ ഡേവിഡിന്റെ മകൻ ലിവിൻ (29) ആണ് കൊല്ലപ്പെട്ടത്.
മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്ന് കരുതി ലിവിൻ ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് പ്രതികൾ ലിവിനെ കുത്തിയതെന്നാണ് പോലീസിന്റെ എഫ് ഐ ആറിൽ പറയുന്നത്. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് ഇതിൽ ഒരു പ്രതിയെ സ്‌കൂളിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് പോലീസിന് ലഭിച്ച സൂചന.
ഈ സംഭവം നടന്ന് കൃത്യം മൂന്നാഴ്ച പിന്നിടുന്നതിന് മുമ്പായി കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ലഹരി മരുന്നിന് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്ന സംഭവവും കേരളത്തെ ഞെട്ടിച്ചു. താമരശ്ശേരി അടിവാരം സ്വദേശിനി സുബൈദ (53) യാണ് 25 കാരനായ മകന്‍ ആഷികിന്റെ വെട്ടേറ്റ് മരിച്ചത്. ബംഗളുരുവിലെ ലഹരിമുക്തി ചികിത്സാകേന്ദ്രത്തിൽ കഴിയുകയായിരുന്ന ആഷിക് മാതാവിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം. ആഷിക് കോളജ് പഠന കാലത്തുതന്നെ ലഹരിക്ക് അടിമയായിരുന്നുവെന്ന് കൊല്ലപ്പെട്ട സുബൈദയുടെ സഹോദരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇത്തരം വാർത്തകൾ ഇന്ന് പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും പതിവായിക്കഴിഞ്ഞു. ഏകദേശം അരനൂറ്റാണ്ട് മുമ്പ് ഇത്തരമൊരു വാർത്ത മലയാളികളിൽ നടുക്കവും അത്ഭുതവും സൃഷ്ടിച്ചിരുന്നു. 1980ൽ നടന്ന കരിക്കൻ വില്ല കൊലപാതകം തന്നെ ഇതിന് ഉദാഹരണമാണ്.
1980 ഒക്ടോബറിലാണ് കെ സി ജോർജും ഭാര്യ റേച്ചലും മീനത്തലക്കരയിലെ കരിക്കൻ വില്ലയിൽ കൊല്ലപ്പെട്ടത്. മുഖ്യപ്രതിയും ഇവരുടെ ബന്ധുവുമായ റെനി ജോർജും കൂട്ടാളികളും മയക്കുമരുന്നിന് അടിമകളായിരുന്നു എന്നാണ് അന്ന് പോലീസ് കണ്ടെത്തിയത്.മയക്കുമരുന്ന് ശീലത്തിന് പണം കണ്ടെത്താനാണ് ഇവർ കൊലപാതകം നടത്തിയതെന്ന വാർത്ത അന്ന് സമൂഹത്തിൽ വലിയ ചർച്ചയായിരുന്നു.
ഈ അരനൂറ്റാണ്ട് കാലത്തിനിടക്ക് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഇത്തരത്തിലുള്ള നൂറുകണക്കിന് കേസുകൾ റിപോർട്ട് ചെയ്തു. ഇന്നിപ്പോഴാകട്ടെ ഇത്തരം സംഭവങ്ങൾ മലയാളിക്ക് പതിവ് വാർത്തകളായി മാറിയിരിക്കുന്നു.
ആഗോള പ്രശ്നം
ആഗോള തലത്തിൽ തന്നെ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും തന്നെ ബാധിക്കുന്ന വ്യാപകവും വിനാശകരവുമായ ഒരു പ്രശ്നമാണ് മയക്കുമരുന്ന് ഉപയോഗം. മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് കൊലപാതകങ്ങൾ ഒരാഗോള പ്രതിഭാസമാണ്. മയക്കുമരുന്നിന് അടിമകളായ വരെ സംബന്ധിച്ച പഠനങ്ങളും സംഭവങ്ങളും ലഹരിവസ്തുക്കളുടെ ഉപയോഗവും ആക്രമണോത്സുകമായ പെരുമാറ്റവും തമ്മിലുള്ള ബന്ധത്തിന് വ്യക്തമായ തെളിവുകൾ മുന്നോട്ടുവെക്കുന്നവയാണ്.
മയക്കുമരുന്ന് ഉപയോഗവും പെരുമാറ്റ വെകല്യവും
മയക്കുമരുന്ന് ഉപയോഗം, പ്രത്യേകിച്ച് കഞ്ചാവ്, ബ്രൗൺ ഷുഗർ, എം ഡി എം എ പോലുള്ള രാസലഹരികൾ ഒരു വ്യക്തിയുടെ മസ്തിഷ്കത്തിൽ അപകടകരമായ രീതിയിൽ രാസമാറ്റങ്ങൾ സൃഷ്ടിക്കുകയും അവരുടെ വിശേഷബുദ്ധിയെ ഇല്ലാതാക്കുകയും ചെയ്യും. മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരിക്കുമ്പോൾ, വ്യക്തികൾ അമിതാവേശത്തോടെയും യുക്തിരഹിതമായും പ്രവർത്തിക്കുമെന്നാണ് ഇത്തരം രാസലഹരികളുടെ പ്രത്യേകത. ചിലപ്പോഴെല്ലാം ഇത് കൊലപാതകം പോലുള്ള അക്രമങ്ങളിലേക്കും നയിച്ചേക്കും. തങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ വിലയിരുത്താനുള്ള കഴിവ് ഇല്ലാതാകുന്നതാണ് മയക്കുമരുന്നിന് അടിമകളായവർ ഇത്തരം അക്രമങ്ങളിൽ ഏർപ്പെടാനുള്ള കാരണം. ഒരിക്കൽ ഉപയോഗിച്ചു തുടങ്ങിയാൽ പിന്നീട് അതിന്റെ ഉപയോഗത്തിൽ നിന്ന് രക്ഷനേടുവാൻ വളരെ പ്രയാസമാണെന്നതാണ് ഇത്തരം രാസലഹരികൾ സൃഷ്ടിക്കുന്ന ഏറ്റവും വലിയ അപകടം.
പിന്നിൽ സാമൂഹിക സാമ്പത്തിക ഘടകങ്ങൾ
വളരെ പെട്ടെന്ന് വൻതോതിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യമാണ് മയക്കുമരുന്ന് വിപണിക്ക് പിറകിലുള്ളവരുടെ ലക്ഷ്യമെങ്കിൽ ജീവിത യാഥാർഥ്യങ്ങളെ നേരിടാതെ അതിൽനിന്ന് രക്ഷപ്പെടാൻ വഴിതേടുന്നവരാണ് പലപ്പോഴും ലഹരികൾക്ക് പിറകെ പോകുന്നത്. കൗമാര പ്രായത്തിൽ വെറുതെ ഒരു രസത്തിന് വേണ്ടിയോ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയോ ആരംഭിക്കുന്ന ലഹരിയുപയോഗം പിന്നീട് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ വ്യക്തികളെ അടിമകളാക്കി മാറ്റുന്നു.
മയക്കുമരുന്നിന് അടിമയാകുന്നവരിൽ വലിയൊരു വിഭാഗം വൈകാരികവും മാനസികവുമായ പ്രശ്നങ്ങളെ നേരിടുന്നവരായിരിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത്തരം മാനസികാവസ്ഥകൾ സൃഷ്ടിക്കുന്ന സമ്മർദങ്ങളുടെ കൂടെ ലഹരിയുടെ ഉപയോഗം കൂടി ചേരുമ്പോൾ അത് അക്രമാസക്തമായ പെരുമാറ്റത്തിനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുക. ഇക്കൂട്ടരിൽ സാമൂഹിക പിന്തുണ ലഭിക്കാതിരിക്കുകയോ ചികിത്സക്ക് വിധേയരാക്കപ്പെടുകയോ ചെയ്യാത്തവർ പിന്നീട് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നയിക്കപ്പെട്ടേക്കാം.കുറ്റവാളികൾ അടങ്ങിയ ഒരുതരം അധോലോകത്തിലെത്തിപ്പെടുമ്പോഴാകട്ടെ കൂടുതൽ ലഹരിയുപയോഗത്തിനുള്ള സാധ്യതകൾ തുറന്നുകിട്ടുകയും പലരും ലഹരിക്ക് അടിമകളായി മാറുകയും ചെയ്യും.
ഇരകളിലുണ്ടാക്കുന്ന ആഘാതം
മയക്കുമരുന്നിന് അടിമകളായ വ്യക്തികൾ പലപ്പോഴും സ്വന്തം കുടുംബങ്ങളിൽ മാത്രമല്ല സമൂഹത്തിന് തന്നെ തലവേദനയായിത്തീരുകയാണ് പതിവ്. പൊതുമുതൽ നശിപ്പിക്കുക, ബലാൽസംഗം, മോഷണം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക എന്നിവയെല്ലാം ലഹരിയുപയോഗം സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ്. ഇത്തം അക്രമസംഭവങ്ങൾക്കിടയിൽ അത് ഒരു കൊലപാതകത്തിൽ കലാശിക്കുകയാണെങ്കിൽ അതിന്റെ അനന്തരഫലം ഒരു വ്യക്തിയുടെ ജീവൻ നഷ്ടപ്പെടുന്നതിനും അപ്പുറമാണ്. ഒരാളെ നഷ്ടപ്പെടുന്നതിന്റെ വൈകാരിക ആഘാതം നേരിടുന്നത് കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങൾ മാത്രമല്ല ലഹരിക്കടിമപ്പെട്ട് കൊലപാതകം നടത്തുന്നവരുടെ കുടുംബങ്ങൾ കൂടിയാണ്.
കൂടാതെ ഇത്തരം സംഭവങ്ങൾ സാമൂഹത്തിന്റെ സമാധാനം, പൊതു സുരക്ഷ എന്നിവയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. മയക്കുമരുന്ന് ആസക്തിയും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും കൂടുതലുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്നത് ഇതിന് ഉദാഹരണമാണ്.
ചികിത്സയും പുനരധിവാസവും
ഭീഷണികൊണ്ടോ സ്നേഹപൂർണമായ ഉപദേശം കൊണ്ടോ ഒരു വ്യക്തിയെയും മയക്കുമരുന്ന് ആസക്തിയിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. കാരണം, ലഹരിക്ക് അടിമപ്പെടുന്നത് ഒരു രോഗമാണ്.ഏതൊരു രോഗത്തെയും പോലെ ഇതിനും ശാസ്ത്രീയമായ ചികിത്സ ആവശ്യമാണ്. കൂടാതെ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്നവർ വീണ്ടും ലഹരിയുടെ ലോകത്തിലേക്ക് തിരിച്ചുപോകുന്നത് തടയാൻ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ നൽകി പുനരധിവസിപ്പിക്കുകയും വേണം. ചികിത്സയുടെ ഭാഗമായി മരുന്ന് ചികിത്സ, കൗൺസലിംഗ്, സൈക്കോ തെറാപ്പി, സാമൂഹിക പിന്തുണ എന്നിവ നൽകേണ്ടിവന്നേക്കാം. പലപ്പോഴും പരിചയസമ്പന്നനായ ഒരു മനോരോഗ വിദഗ്ധന്റെ നേതൃത്വത്തിലായിരിക്കും ചികിത്സകൾ നടത്തുന്നത്. ഇത്തരം ചികിത്സകളോടൊപ്പം കുടുംബാംഗങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്.
നിയമത്തിന്റെ ഇടപെടൽ അനിവാര്യം
വ്യക്തികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനോടൊപ്പം മയക്കുമരുന്ന് വ്യാപാരവും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും തടയുന്നതിന് ശക്തമായ നിയമനിർമാണം ആവശ്യമാണ്. മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിന് സർക്കാർ ഏജൻസികളും നിയമപാലകരും മുൻഗണന നൽകുകയും പൊതുസമൂഹത്തിന്റെ പിന്തുണയോടെ അവ ഫലപ്രദമായി നടപ്പാക്കുകയും വേണം.പ്രൈമറി ക്ലാസ്സുകളിൽ നിന്ന് തുടങ്ങി ലഹരിക്കെതിരായ പോരാട്ടം ഒരു പാഠ്യവിഷയം ആക്കേണ്ടതും അനിവാര്യമാണ്.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സിലബസ്സുകളിൽ ഉൾപ്പെടുത്തുകയും വിദ്യാലയങ്ങളിൽ നിരന്തരമായ ബോധവത്കരണം നടത്തുകയും വേണം. വിവാഹം പോലുള്ള ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദ്യസത്കാരത്തിനെതിരെയും വേണം ബോധവത്കരണം. ഇതിന് മതസംഘടനകൾക്കും വലിയൊരു പങ്ക് വഹിക്കാനാകും. മയക്കുമരുന്നുകൾക്കെതിരായ പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിയുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നേരത്തെയുള്ള ഇടപെടൽ, ചികിത്സ എന്നിവക്കായി അധ്യാപകർ, ആരോഗ്യപ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ പോലെയുള്ള കൂട്ടായ്മകൾ, സാമൂഹിക സംഘടനകൾ എന്നീ ഘടകങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ലഹരിക്കെതിരായ പോരാട്ടം ലക്ഷ്യം കാണുകയുള്ളൂ.
(ലേഖകൻ ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി ഡയറക്ടറാണ്.)