Connect with us

Editorial

ലഹരി നുരയുന്ന സിനിമാ മേഖല

പോലീസും എക്‌സൈസും ആത്മാര്‍ഥമായി രംഗത്തിറങ്ങുകയും എ എം എം എ, ഫെഫ്ക തുടങ്ങിയ മേഖലയിലെ സംഘടനകള്‍ അവരുമായി പൂര്‍ണമായി സഹകരിക്കുകയും ചെയ്താല്‍ നിയന്ത്രിക്കാവുന്നതേയുള്ളൂ സിനിമാ ലോകത്തെ ലഹരി.

Published

|

Last Updated

ലഹരിയുമായുള്ള സിനിമാ മേഖലയുടെ ബന്ധം തുറന്നു കാട്ടുന്നതാണ് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിനിടയാക്കിയ സംഭവങ്ങള്‍. ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗവും ലഹരി ഇടപാടുകാരന്‍ സജീറുമായും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായും ഉള്ള ബന്ധവും ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് കൊച്ചി പോലീസ് വ്യക്തമാക്കുകയുണ്ടായി. ചോദ്യം ചെയ്യലില്‍ നടന്‍ ലഹരി ഉപയോഗം സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ മയക്കുമരുന്ന് പരിശോധനക്ക് പോലീസ് എത്തിയപ്പോള്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത് തെളിവ് നശിപ്പിക്കാനാണെന്നാണ് പോലീസ് നിഗമനം.

ലഹരി ഉപയോഗത്തിന്റെ പേരില്‍ സിനിമാ മേഖലയിലുള്ളവര്‍ അറസ്റ്റിലാകുന്നത് ഇതാദ്യമല്ല. കൊച്ചി ഹോട്ടലുകളിലെ ലഹരി പാര്‍ട്ടികള്‍ അന്വേഷിക്കാനെത്തിയ പോലീസിന്റെ പിടിയില്‍ മുമ്പും നടന്മാരും അണിയറ പ്രവര്‍ത്തകരും അകപ്പെട്ടിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ലഹരിയുമായി ബന്ധപ്പെട്ട് നടന്മാര്‍ ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിലായിരുന്നു. കഥകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ഷൈന്‍ ടോം ചാക്കോയാണെങ്കിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട ധാരാളം പേര്‍ ലഹരിക്ക് അഡിക്റ്റുകളാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ്. നടന്‍ ടിനി ടോം ഇക്കാര്യം മുമ്പ് തുറന്നടിച്ചതാണ്. തന്റെ മകന് സിനിമയില്‍ നല്ലൊരു അവസരം കൈവന്നിട്ടും ആ രംഗത്തേക്ക് വിടാതിരുന്നത് സിനിമയിലെ ലഹരി പേടിച്ചായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

മുന്‍കാലങ്ങളില്‍ സിനിമാ ലൊക്കേഷന് പുറത്തായിരുന്നു ലഹരി ഉപയോഗമെങ്കില്‍ ഇന്ന് ലൊക്കേഷനുള്ളില്‍ തന്നെയാണ് ഉപയോഗം. സിനിമയിലെ ലഹരി ഉപയോഗവും കാരവന്‍ സംസ്‌കാരവും തമ്മില്‍ ബന്ധമുണ്ടെന്ന് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ നടീനടന്മാര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും വിശ്രമിക്കാനാണ് കാരവന്‍ സജ്ജീകരിക്കുന്നതെങ്കിലും, ലഹരി ഉപയോഗിക്കാനുള്ള വേദിയായാണ് പലരും ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ഷോട്ട് എടുത്തുകഴിഞ്ഞാല്‍ ലഹരി ഉപയോക്താക്കളായ നടന്മാരും അണിയറ പ്രവര്‍ത്തകരും നേരെ കാരവനിലെത്തും. ലഹരിയുടെ ലോകത്താണ് പിന്നെ അവര്‍. ഈ സമയത്ത് മറ്റുള്ളവര്‍ അകത്തേക്ക് കടക്കാതെ നിയന്ത്രിക്കാന്‍ കാരവന് പുറത്ത് ആളുകളെ നിര്‍ത്തിയിരിക്കും. പുതുസിനിമകളുടെ സെറ്റിലാണ് പരസ്യമായ ലഹരി ഉപയോഗം കൂടുതലായി നടക്കുന്നത്. ലഹരി ശല്യം അസഹ്യമായ സാഹചര്യത്തില്‍ കാരവനുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. കാരവന്‍ നടിമാര്‍ വസ്ത്രം മാറുന്ന ഇടം കൂടിയായതിനാല്‍ അത് വേണ്ടെന്ന് വെക്കുകയാണുണ്ടായത്.

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവം, നടിമാര്‍ക്കെതിരായ ലൈംഗികാതിക്രമം തുടങ്ങി സിനിമാ മേഖലയിലെ മിക്ക കുറ്റകൃത്യങ്ങള്‍ക്കു പിന്നിലെയും പ്രധാന വില്ലന്‍ ലഹരിയാണ്. ഹേമ കമ്മിറ്റി റിപോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. മദ്യപാനത്തിനോ മയക്കുമരുന്ന് ഉപയോഗത്തിനോ ശേഷമാണ് നടന്മാര്‍ നടിമാരെ ശല്യം ചെയ്യുന്നതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. യുവ നടന്മാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലെയും സ്റ്റുഡിയോയിലെയും ലഹരി ഉപയോഗം തടയണമെന്നും സിനിമാ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗമുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഹേമ കമ്മിറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട് സിമിനാ മേഖലയിലെ അരുതായ്മകളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ ലഹരിയെക്കുറിച്ച് പരാമര്‍ശം വന്നതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍, സി എസ് സുധ എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ച് വിഷയത്തില്‍ ഇടപെട്ടത്.
ഇടക്കാലത്ത് പോലീസും രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും വിലപ്പെട്ട പല വിവരങ്ങളും ലഭിക്കുകയും ചെയ്തതാണ്. പതിവായി ലൊക്കേഷനുകളില്‍ ലഹരി എത്തിച്ചു കൊടുക്കുന്ന സംഘങ്ങളുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങള്‍ പോലീസ്-എക്‌സൈസ് സംഘങ്ങളുടെ കൈവശമുണ്ടെങ്കിലും ലൊക്കേഷനുള്ളിലേക്ക് കയറിയുള്ള പരിശോധന നടക്കുന്നില്ല. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് സിനിമാ മേഖലയിലുള്ളവര്‍ക്ക് വേണ്ടി കൊണ്ടുവന്നതായിരുന്നുവെന്ന് കേസിലെ പ്രതി തസ്‌ലീമ മൊഴി നല്‍കിയതാണ്. ലൊക്കേഷനുകളിലടക്കം പരിശോധന കര്‍ശനമാക്കുമെന്ന് നേരത്തേ മന്ത്രിമാരടക്കം പ്രസ്താവിക്കുകയും മിന്നല്‍ പരിശോധനക്ക് പദ്ധതികളാവിഷ്‌കരി ക്കുകയും ചെയ്തിരുന്നു. എല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി.

ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ വീണ്ടും പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. ലഹരി പരിശോധനയില്‍ സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ല. അവിടെ കയറി പരിശോധിക്കുമെന്നാണ് എക്‌സൈസ് മന്ത്രി രാജേഷിന്റെ പ്രഖ്യാപനം. കര്‍ശന പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാനും പറയുന്നു. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ സംവിധായകരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ട ഏഴംഗ സമിതി രൂപവത്കരിക്കാന്‍ മാര്‍ച്ച് 26ന് ചേര്‍ന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ (ഫെഫ്ക) യോഗം തീരുമാനിക്കുകയുണ്ടായി. മേഖലയിലെ സ്വയം ശുദ്ധീകരണമാണ് സംഘടന ലക്ഷ്യമിടുന്നതെന്നും ലഹരി ഉപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ വിവരം എക്‌സൈസിന് കൈമാറുമെന്നും ഫെഫ്ക ജന. സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. നടപ്പായാല്‍ സ്വാഗതാര്‍ഹമായ നീക്കം. പോലീസും എക്‌സൈസും ആത്മാര്‍ഥമായി രംഗത്തിറങ്ങുകയും എ എം എം എ, ഫെഫ്ക തുടങ്ങിയ മേഖലയിലെ സംഘടനകള്‍ അവരുമായി പൂര്‍ണമായി സഹകരിക്കുകയും ചെയ്താല്‍ നിയന്ത്രിക്കാവുന്നതേയുള്ളൂ സിനിമാ ലോകത്തെ ലഹരി.

Latest