International
ഇസ്‌റാഈല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണം; ഈജിപ്തുമായി പ്രവര്‍ത്തിക്കാന്‍ ചൈന
അന്താരാഷ്ട്ര സമൂഹത്തോട് സംയുക്ത സേന രൂപീകരിക്കാനും ഫലസ്തീന്‍ ജനതയ്ക്ക് മാനുഷിക പിന്തുണ നല്‍കാനും ഷായ് അഭ്യര്‍ത്ഥിച്ചു.

ബീജിംഗ്| ഇസ്‌റാഈല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തുമായി പ്രവര്‍ത്തിക്കാന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഈജിപ്തിലെ അസിസ്റ്റന്റ് മന്ത്രിയുമായി ചൈനയുടെ ഷായ് ചുന്‍ ഫോണിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഈജിപ്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്നും ഇരു കക്ഷികളോടും വെടിവെപ്പ് അവസാനിപ്പിക്കാനും എത്രയും വേഗം അക്രമം അവസാനിപ്പിക്കാനും ഷായ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തോട് സംയുക്ത സേന രൂപീകരിക്കാനും ഫലസ്തീന്‍ ജനതയ്ക്ക് മാനുഷിക പിന്തുണ നല്‍കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇരുവശത്തും അക്രമം അവസാനിപ്പിക്കാന്‍ ഈജിപ്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ചൈന ഉറപ്പുനല്‍കി. ഇസ്‌റാഈലില്‍ മരണസംഖ്യ ഉയരുകയാണ്. ഭൂരിഭാഗവും സാധാരണക്കാരാണ് മരണപ്പെട്ടത്. ശനിയാഴ്ച ഹമാസിന്റെ ഞെട്ടിക്കുന്ന ആക്രമണത്തിനുശേഷം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇസ്‌റാഈലിന് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
ഗസ്സയില്‍ വ്യോമാക്രമണത്തിലൂടെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 900ത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന്, ഈജിപ്ത് അക്രമം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കായുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.