Connect with us

Editors Pick

ഐ ടി വ്യവസായം കുതിക്കുന്നു; കേരളത്തിനും സുപ്രധാന പങ്ക്

2026 ഓടെ 350 ബില്യൺ യു എസ് ഡോളറിലേക്ക്

Published

|

Last Updated

കൊച്ചി | രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള ഐ ടി വ്യവസായം 350 ബില്യൺ ഡോളർ ആകുമ്പോൾ സുപ്രധാന പങ്കാളിത്തം കേരളത്തിൽ നിന്നാകുമെന്ന് പഠന റിപോർട്ട്. സംസ്ഥാനത്തെ ഐ ടി പാർക്കുകളാണ് ഇതിൽ നിർണായക പങ്ക് വഹിക്കുക. 2023 വരെ കേരളത്തിൽ ആകെ 1,70,000 ഐ ടി ജോലിക്കാരാണുള്ളത്. ഇത് 2016ൽ കേവലം 90,000 മാത്രമായിരുന്നു. 88 ശതമാനമാണ് വർധനയുണ്ടായിരിക്കുന്നത്. ഇത്രയധികം ഐ ടി പ്രൊഫഷനലുകളെ കേരളത്തിലേക്ക് ആകർഷിച്ചതിൽ ഐ ടി പാർക്കുകൾക്ക് പ്രധാന പങ്കുണ്ടെന്ന് എം എസ് എം ഇ ഉന്നതാധികാര സമിതി ചെയർമാൻ ഡോ. ഡി എസ് റാവത്ത് തയ്യാറാക്കിയ റിപോർട്ടിൽ പറയുന്നു.

ഏതാണ്ട് 21,000 കോടി രൂപയുടെ കയറ്റുമതി ആണ് കേരള ഐ ടി പാർക്കുകൾ രേഖപ്പെടുത്തിയത്. നിലവിൽ 1,50,000 ജീവനക്കാരാണ് ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നത്. ഐ ടിക്ക് പുറമെ ചില്ലറ വ്യാപാരം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സാമ്പത്തിക സേവനങ്ങൾ എന്നിവയിലെല്ലാം ഐ ടി മേഖല സംഭാവനകൾ നൽകുന്നുണ്ട്. കഴക്കൂട്ടം-കോവളം ദേശീയപാത ബൈപാസ് 66ന്റെ ഇരുവശങ്ങളിലുമുള്ള 764.19 ഏക്കർ സ്ഥലത്ത് സംസ്ഥാനത്തെ ആദ്യ ഐ ടി ഇടനാഴിയാണ് നിലവിൽ വന്നത്. നാലാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം ടെക്‌നോപാർക്ക് രാജ്യത്തെ തന്നെ ഏറ്റവും വലുതാകും.

ഡിജിറ്റൽവത്കരണത്തിലേക്കുള്ള സംസ്ഥാന സർക്കാറിന്റെ പ്രതിബദ്ധതയാണ് കേരളത്തിന്റെ സവിശേഷത. മികച്ച വിദ്യാഭ്യാസമുള്ള ജോലിക്കാർ, ചടുലമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ, സർക്കാറിന്റെ പിന്തുണ എന്നിവ ശക്തമായ ഐ ടി സംവിധാനം രൂപപ്പെടുത്തിയെടുക്കുന്നതിൽ സഹായിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.

സംസ്ഥാനത്തിന് ഏറെ അനുയോജ്യമായ വ്യവസായമെന്ന നിലയിൽ ഐ ടി പാർക്കുകളുടെ പ്രവർത്തനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഇൻഫോപാർക്കിന്റെ സി ഇ ഒയും കോഴിക്കോട് സൈബർ പാർക്കിന്റെ ചുമതലയുമുള്ള സുശാന്ത് കുറുന്തിൽ പറഞ്ഞു.

Latest